District News
സുൽത്താൻ ബത്തേരി: ജില്ലയിൽ അനുഭവപ്പെട്ട കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ പെയ്തു. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചതോടെ അന്തരീക്ഷ താപനില ഗണ്യമായി താഴ്ന്നു. ദീർഘകാലമായി മഴ കാത്തിരുന്ന കർഷകർക്കും ഈ വേനൽമഴ പ്രതീക്ഷയായി. വിളവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പുതിയ കൃഷികൾക്ക് കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴ അനുകൂലമാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ജില്ലയിൽ മഴ ലഭിച്ചതോടെ വരൾച്ചാ ഭീഷണിയിലായിരുന്ന കൃഷിയിടങ്ങൾക്കു ജീവൻ പകരാനാകുമെന്നാണ് പ്രതീക്ഷ.
വേനൽചൂട് രൂക്ഷമായതിനെ തുടർന്ന് ജലക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളിലും മഴ ആശ്വാസമായി. വരുന്ന ദിവസങ്ങളിലും സമാനമായ മഴ ലഭിച്ചാൽ അടുത്ത സീസണിൽ മികച്ച വിളവെടുപ്പ് സാധ്യമാകുമെന്നാണ് കർഷക പറയുന്നത്.
District News
മാനന്തവാടി: പ്രതിസന്ധികൾക്കിടെ മാനസികമായി തളർന്നുപോകുന്ന സമൂഹത്തിന് കരുതലായി മാറാൻ വോളണ്ടിയർമാർ തയാറാകണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. കാരിത്താസ് ഇന്ത്യയുടെ വയനാട്, വിലങ്ങാട് റിഹാബിലിറ്റേഷൻ പദ്ധതിയുടെ രണ്ടാംഘട്ട ഇടപെടലായ "സേഫ് വിതിൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ബിഫ്രണ്ടിംഗ് വോളണ്ടിയേഴ്സ് റിഫ്രഷർ പരിശീലന പരിപാടിയിലാണ് അദ്ദേഹം സന്ദേശം നൽകിയത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത വോളണ്ടിയർമാരുമായി അദ്ദേഹം സംവദിച്ചു.
ദുരന്താനന്തര സാഹചര്യങ്ങളിൽ മനുഷ്യരുടെ മനസുകളിൽ ഉണ്ടാകുന്ന മുറിവുകൾ സാന്ത്വനവും സഹാനുഭൂതിയും കൊണ്ട് മാത്രമേ സുഖപ്പെടുകയുള്ളൂവെന്നും ബിഷപ്പ് ഓർമിപ്പിച്ചു."ഒരു ആശ്വാസവാക്ക്, ഒരു കരുതലുള്ള സാന്നിധ്യം, ഒരാൾക്കൊപ്പം നിൽക്കാനുള്ള സന്നദ്ധത - ഇതെല്ലാം തന്നെ ചിലപ്പോൾ ഒരു ജീവിതത്തെ തന്നെ മാറ്റിമറിക്കാം. സമൂഹത്തിൽ ഒറ്റപ്പെടലും നിരാശയും വർധിക്കുന്ന ഈ കാലഘട്ടത്തിൽ പരിശീലനം നേടിയ വോളണ്ടിയർമാർ വലിയ പ്രതീക്ഷയായി മാറുന്നു' മാർ ജോസ് പൊരുന്നേടം പറഞ്ഞു.
സന്നദ്ധ പ്രവർത്തനങ്ങൾക്ക് ആത്മാർഥതയ്ക്കൊപ്പം പ്രാവീണ്യവും ആവശ്യമാണെന്നും ഇത്തരം പരിശീലനങ്ങൾ വോളണ്ടിയർമാരെ കൂടുതൽ ഉത്തരവാദിത്തബോധത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിച്ചു. ഭാരത കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ് ബത്തേരി, ജീവന കോഴിക്കോട്, സിഒഡി താമരശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചെന്നൈ ആസ്ഥാനമായ പ്രമുഖ മാനസികാരോഗ്യ സ്ഥാപനമായ സ്കാർഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കാരിത്താസ് നാഷണൽ പ്രോഗ്രാം കോർഡിനേറ്റർ ഡോ. വി.ആർ. ഹരിദാസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, സ്കാർഫ് ഇന്ത്യ പ്രതിനിധികളായ ജയിനി ജോസഫ്, എൽസ ജോസഫ്, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അബിഷ് ആന്റണി, കേരള സോഷ്യൽ സർവീസ് ഫോറം കോഓർഡിനേറ്റർ സജോ ജോയി, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
District News
കൽപ്പറ്റ: മലയോര ഹൈവേ കാർഷിക ടൂറിസം മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പനമരം പഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ നിരവധി പാലങ്ങൾ, റോഡുകൾ, പൊതുകെട്ടിടങ്ങൾ എന്നിവ മികച്ച നിലവാരത്തിൽ പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്താൻ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു പറഞ്ഞു. കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനത്തിൽ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന വിഭാഗങ്ങളിലേക്ക് വികസന നേട്ടങ്ങൾ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ മനസിലാക്കിയാണ് സർക്കാർ വിവിധ വികസന പദ്ധതികൾ രൂപീകരിച്ച് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിന് ജനപിന്തുണ അനിവാര്യമാണ്.
നാല് സ്പാനോടെ 101.6 മീറ്റർ നീളത്തിലും ഇരു ഭാഗങ്ങളിലും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അടിത്തറയിൽ പൈൽ ഫൗണ്ടേഷനാണ് പാലത്തിന് നൽകിയിരിക്കുന്നത്. പാലത്തിന് ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ സർവീസ് റോഡും ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ 70 മീറ്റർ സമീപന റോഡ് നിർമാണ പ്രവർത്തനങ്ങളും നടക്കും. പാലം യാഥാർഥ്യമാകുന്നതോടെ ചെറുകാട്ടൂർ, നീർവാരം പ്രദേശങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കും. കൂടാതെ മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നും പുൽപ്പള്ളിയിലേക്ക് ഗതാഗത സൗകര്യം വേഗത്തിലാവും. ടൂറിസ്റ്റുകൾക്ക് കുറുവാദ്വീപ്, ചേകാടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സൗകര്യ പ്രദമായി സഞ്ചാരികൾക്ക് എത്തിച്ചേരാം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാജഹാൻ കോവ, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ, സൗജത്ത്, രാജു, എക്സിക്യുട്ടീവ് എൻജിനീയർമാരായ സി.എസ്. അജിത്ത്, സി.ആർ. അർച്ചന, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
District News
സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ ആക്രമിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു.
കൽപ്പറ്റ കുടുംബ കോടതിയിൽ കേസ് നടത്തിയശേഷം ബത്തേരിയിലെത്തിയ അഭിഭാഷക പി.ബി. ആതിരയെ വാഹനത്തിൽ പിന്തുടർന്ന് എത്തിയ ആൾ ബത്തേരിയിൽ വാഹനം തടഞ്ഞ് മർദിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി. താലൂക്ക് നിയമസഹായ വേദി സൗജന്യ നിയമസഹായം നടത്താൻ ഏൽപ്പിച്ച കേസിലെ കക്ഷിയുടെ ഭർത്താവാണ് അക്രമണത്തിന് പിന്നിലെന്നും അസോസിയേഷൻ ആരോപിച്ചു.
മുന്‍പും അഭിഭാഷകയ്ക്കെതിരേ വധഭീഷണി മുഴക്കിയ കോഴിക്കോട് സ്വദേശിയായ സുമേഷിനെതിരേ പരാതി നൽകിയിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ തുടർനടപടി സ്വീകരിക്കാത്തതാണ് വീണ്ടും ആക്രമണത്തിന് വഴിവച്ചതെന്ന് ബാർ അസോസിയേഷൻ കുറ്റപ്പെടുത്തി. ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയതിന് നൽകിയ പരാതിയിൽ ബത്തേരി പോലീസ് ഉദാസീനത കാട്ടിയെന്നും ആരോപണമുണ്ട്.
റോഡിൽ ആക്രമണം നടന്നപ്പോൾ സഹായം അഭ്യർഥിച്ചിട്ടും അതുവഴി പോയ കേണിച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ അധികാരപരിധിയല്ലെന്ന് പറഞ്ഞ് വാഹനം നിർത്താതെ പോയതായും പിന്നാലെ എത്തിയ ബത്തേരി പോലീസ് ആശുപത്രിയിൽ പോകാൻ നിർദേശിച്ച് മടങ്ങിയതായും ആരോപിച്ചു. ആശുപത്രിയിലെത്തിയ അഭിഭാഷകയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതോടെ സ്റ്റേഷനിൽ വിവരം അറിയിച്ചശേഷമാണ് പോലീസ് എത്തിയത്. എന്നാൽ പ്രതിയെ വിട്ടയച്ചതായും അസോസിയേഷൻ ആരോപിച്ചു. ജില്ല പോലീസ് മേധാവിയുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൊഴി രേഖപ്പെടുത്തിയത്.
ഭർത്താവിന്റെ പീഡനത്തിനിരയായ യുവതിക്കുവേണ്ടി നിയമസഹായവേദി ഏൽപ്പിച്ച കേസ് നടത്തിയതിനിടെയാണ് ആക്രമണമെന്നത് ഗൗരവകരമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഔദ്യോഗിക ജോലിയിൽ വീഴ്ച വരുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. നടപടികൾ വൈകിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകി.
കോടതി സമുച്ചയത്തിൽ നടത്തിയ പ്രതിഷേധയോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ഡി. സജി അധ്യക്ഷത വഹിച്ചു. ഷജിൽ ജോണ്‍, കെ.കെ. സോമനാഥൻ, പി.എൻ. സുരേന്ദ്രൻ, സതീഷ് പുതിക്കാട്, ടി.എം. റഷീദ്, ഒ.കെ. അനിൽ, ഉമാശങ്കർ, എം.ടി. ബാബു, ഐഡ സാജു, ശാരദേന്ദു സോമനാഥൻ, അഞ്ജലി വിനീഷ്, അനുശ്രീ, കെ.പി. പ്രവീണ്‍, കെ. ഗീവർഗീസ്, സുജ സുരേഷ്, ടി.വി. അരുണ്‍ എന്നിവർ പ്രസംഗിച്ചു.
District News
ഇരുളം: കെഎസ്ടിഎ ജില്ലാ സമ്മേളനവും തയ്യൽതൊഴിലാളി സംഗവും പാപ്ലശേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽസി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്റ് പി.വി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം കെ.എൻ. ജയചന്ദ്രൻ സംഘടനാ കാര്യങ്ങൾ വിശദമാക്കി. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. മണിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാട്രഷറർ ജോസ് കുറ്റിയാംകോണം കണക്ക് അവതരിപ്പിച്ചു.
അംശാദായം ഉയർത്തിയതനുസരിച്ച് ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ചുരം ബദൽറോഡ്, തുരംഗപാത എത്രയും വേഗം യാഥാർഥ്യമാക്കുക, വന്യമൃഗ ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കുക, ഇഎസ്ഐ പദ്ധതിയിൽ തയ്യൽ തൊഴിലാളികളെ ഉൾപ്പെടുത്തുക, പ്രസവാനുകൂല്യം ഒറ്റ തവണയായി കൊടുത്തു തീർക്കുക, പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയമായി സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാർച്ച് 23, 24 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനസമ്മേളനം വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തി. ജില്ലാ പ്രസിഡന്റ് എൽസി ഏബ്രഹാം, ജില്ലാ സെക്രട്ടറി പി.എസ്. മണിലാൽ, ജില്ലാ ട്രഷറർ ജോസ് കുറ്റിയാംകോണം എന്നിവരെ തെരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി കെ.എൻ. ജയചന്ദ്രൻ, ഉമ്മർ പാപ്ലശേരി, തങ്കച്ചൻ പുൽപ്പള്ളി, രജനി സതീഷ്, ബി. ഫാത്തിമ, ഷീജ മാനന്തവാടി, റീന സജി എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ വൈസ്പ്രസിഡന്റ് ഉമ്മർ പാപ്ലശേരി, രജനി സതീഷ്, തങ്കച്ചൻ പുൽപ്പള്ളി, ബി. ഫാത്തിമ മുട്ടിൽ, ഷീജ മാനന്തവാടി, ശ്രീജ കേണിച്ചിറ, ഗോപി മോഹനൻ, റീന സജി, എൻ.എസ്. നിഷ, പൂതാടി പഞ്ചായത്ത് അംഗം സുമയ്യ എന്നിവർ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: നവീകരണത്തിനായി പൊളിച്ച പൊതുകുളത്തിന്റെ പ്രവൃത്തികൾ പൂർത്തീകരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. നൂൽപ്പുഴ നാഗരംകുന്ന് കുളമാണ് ആർക്കും ഉപകാരപ്രദമാകാതെ അനാഥമായികിടക്കുന്നത്. മുൻവർഷങ്ങളിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിച്ചിരുന്ന കുളമായിരുന്നു ഇത്.
മൈനർ ഇറിഗേഷൻ വകുപ്പ് 2006ലാണ് നാഗരംകുന്നിൽ കുളം നിർമിച്ചത്. പ്രദേശത്തെ കർഷകർക്ക് ജലസേചന സൗകര്യം ലക്ഷ്യംവച്ചായിരുന്നു നിർമാണം. എന്നാൽ നാളിതുവരെ കർഷകർക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല. അതേസമയം പ്രദേശവാസിയായ രാഘവൻ എന്ന വ്യക്തി നിരവധി കുട്ടികളെ നീന്തൽപഠിപ്പിക്കാൻ കുളം പ്രയോജപ്പെടുത്തിയിരുന്നു.
പിന്നീട് മൂന്ന് വർഷംമുന്പാണ് അമൃത് സരോവർ പദ്ധതിപ്രകാരം കുളം നവീകരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സുരക്ഷാഭിത്തിയെന്ന നിലയിൽ നിർമിച്ചിരുന്ന കുളത്തിന്റെ പാർശ്വഭാഗത്തുണ്ടായിരുന്ന കൽമതിൽ പൊളിച്ചു. പിന്നീട് ചുറ്റും മാവിൻതൈകളും നട്ടുപിടിപ്പിച്ചു.
എന്നാൽ തുടർന്ന് പ്രവൃത്തികളൊന്നും നടത്തിയില്ല. കൂടാതെ കുളത്തിന്റെ പാർശ്വഭാഗം പൊളിച്ച കല്ലുകൾ സമീപത്തെ വയലിലേക്കാണ് നിക്ഷേപിച്ചത്. ഇതും കർഷകനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നിലവിൽ കുളം പായൽമൂടിയും പരിസരം കാടുകയറിയും ആർക്കും ഉപകാരപ്രദമല്ലാത്ത അവസ്ഥയിലാണ്.
കൂടാതെ സന്ധ്യമയങ്ങിയാൽ കുളവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതുമായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതുകാരണം പ്രദേശവാസികളുടെ സ്വൈര്യജീവിതം തടസപ്പെടുകയാണ്. സന്ധ്യമയങ്ങിയാൽ ഇതുവഴി ആർക്കും സഞ്ചരിക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ഈസാഹചര്യത്തിൽ കുളം എത്രയുംവേഗം നവീകരിച്ച് പ്രദേശത്തെ കർഷകർക്ക് ഉപകാരപെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
District News
സുൽത്താൻ ബത്തേരി: ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങളും വർഷങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന മരക്കഷണങ്ങളും മണ്‍തിട്ടകളും വാഹനയാത്രക്കാർക്ക് ഗുരുതര സുരക്ഷാഭീഷണി സൃഷ്ടിക്കുന്നു. തിരുനെല്ലി ടെക്നിക്കൽ സ്കൂളിന് മുൻവശത്തായി ദേശീയപാതയുടെ ഇരുവശങ്ങളിലുമായി രൂപപ്പെട്ടിരിക്കുന്ന ഈ അവസ്ഥയാണ് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. സ്കൂളിന് സമീപത്തായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ജെസിബി യന്ത്രവും മറുവശത്ത് കൂന്പാരമായി കിടക്കുന്ന മണ്‍തിട്ടയും മരക്കഷണങ്ങളും വഴിയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കാഴ്ച ഭാഗികമായി മറയ്ക്കുന്നു.
വളവുള്ള പാതയും സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളതിനാൽ അപകടസാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾക്ക് മുൻപ് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാതെ അതേപടി കിടക്കുന്നതിനാൽ അവ ചിതലെടുത്ത് മണ്‍തിട്ടകളായി മാറിയിരിക്കുകയാണ്. പാതയോര ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ദിനംപ്രതി ഒട്ടനവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്ന സാഹചര്യത്തിൽ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് സ്കൂൾ സമയങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പാത മുറിച്ചുകടക്കേണ്ടിവരുന്ന സാഹചര്യത്തിൽ കാഴ്ച തടസപ്പെടുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുന്നു.
ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഉപേക്ഷിച്ച വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യുകയും മരക്കഷണങ്ങളും മണ്‍തിട്ടകളും മാറ്റി പാതയോരം ശുചീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
District News
പനമരം: പഞ്ചായത്ത് ചെറുകാട്ടൂർകുന്ന് അനിലിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു.
വീട്ടിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനാൽ വൻ അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടു.
ഫയർ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ മാനന്തവാടിയിൽ നിന്നും ഒരു യൂണിറ്റ് അഗ്നിരക്ഷാ സേന അംഗങ്ങൾ എത്തി വെള്ളം പന്പ് ചെയ്ത് സിലിണ്ടറിലെ തീ അണയ്ക്കുകയും സിലിണ്ടർ തണുപ്പിക്കുകയും ചെയ്തതിനു ശേഷം സിലിണ്ടർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു.
അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അഗ്നി രക്ഷാ യൂണിറ്റ് മടങ്ങിയത്. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്)സെബാസ്റ്റ്യൻ ജോസഫ്, അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ഒ.ജി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
District News
അമ്പലവയൽ: പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാന്പള്ളി.
സംഘം ജില്ലാ പ്രവർത്തക കണ്വൻഷൻ സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രവാസികൾക്ക് പെൻഷനും തിരിച്ചുവന്ന പ്രവാസികൾക്ക് പുനരധിവാസത്തിന് സഹായവും നൽകുന്നത് കേരളം മാത്രമാണ്. ലോക മലയാളികളെ ഒന്നിപ്പിക്കുന്ന ലോക കേരളസഭയും സംസ്ഥാനം സംഘടിപ്പിക്കുണ്ട്.
2016ൽ 500 രൂപയായിരുന്ന പ്രവാസി പെൻഷൻ ഘട്ടങ്ങളായി വർധിപ്പിച്ച് അടിസ്ഥാന പെൻഷൻ 3,000-3,500 രൂപയും പരമാവധി പെൻഷൻ 7,000 രൂപയുമാക്കിയത് ഇടതു സർക്കാരുകളാണ്. രാജ്യത്തിനാകെ അഭിമാനമായ നോർക്ക സ്ഥാപിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. കെ.ആർ. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ബത്തേരി മുനിസിപ്പൽ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട പ്രവാസി സംഘം ബത്തേരി ഏരിയ ട്രഷറർ യു.പി. ഗഫൂറിനെ ആദരിച്ചു. സെക്രട്ടറി അഡ്വ. സരുണ്‍ മാണി, വൈസ് പ്രസിഡന്റ് കെ.ടി. അലി, പ്രവാസി കുടുംബവേദി ജില്ലാ കണ്‍വീനർ മേരി രാജു, കുടുംബവേദി സംസ്ഥാന കമ്മിറ്റിയംഗം കെ. സൈനബ, കർഷകസംഘം ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഗഫൂർ, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. നാണു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: പോലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നവർക്ക് നീതി ഉറപ്പാക്കുന്നതിൽ ഓരോ പോലീസ് ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രൻ.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36-ാമത് ജില്ലാ സമ്മേളനം കന്പളക്കാട് ബിച്ചാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടന ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ് പതാക ഉയർത്തിയതോടു കൂടിയാണ് സമ്മേളനം ആരംഭിച്ചത്.
കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഡി. സുനിൽ, ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുൾ ഷെരീഫ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി ജി.എസ്. ശ്രീജിഷ്, കെപിഎ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. സതീഷ് കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി എ.ആർ. ഷീജ, സംസ്ഥാന നിർവാഹ സമിതി അംഗം കെ.എം. ശശിധരൻ,
സംഘാടകസമിതി കണ്‍വീനർ വി. ലതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനാ റിപ്പോർട്ട് സംസ്ഥാന ട്രഷറർ പ്രേംജി കെ. നായരും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി.സി. സജീവും വരവുചെലവ് കണക്കുകൾ ജില്ല ട്രഷറർ എൻ. ബഷീറും അവതരിപ്പിച്ചു.
District News
കൽപ്പറ്റ: മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാലിനു സമീപം ഹോം സ്റ്റേയിൽ എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മെത്താംഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവും സഹിതം രണ്ടുപേർ പിടിയിലായി.
ചെന്നൈ കോടന്പാക്കം ശിവൻകോവിൽ രാജേഷ്(30), താമരശേരി ഈങ്ങാപ്പുഴ വരുവിൻകാലായിൽ വി.എം. ഷമീം(35) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, ഇൻസ്പെക്ടർ ജി. ജിഷ്ണു, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് ഗോപി, ടി. മുഹമ്മദ് മുസ്തഫ, പി.കെ. മുനീറ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളെ സംഘടിപ്പിച്ച് ഹോം സ്റ്റേയിൽ വാലന്റെൻസ് ഡേയിൽ സ്ട്രെയ്ഞ്ചേഴ്സ് പാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്. പാർട്ടിയിൽ പങ്കെടുത്തവർ, സംഘാടകർ, ഹോംസ്റ്റേ ഉടമസ്ഥർ എന്നിവരെക്കുറിച്ചുള്ള അന്വേഷണം പുരോഗതിയിലാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
District News
കൽപ്പറ്റ: സൗത്ത് സോണിലെ 2025ലെ മികച്ച ക്ഷീര കർഷകയായി ഇന്ത്യൻ ഡയറി അസോസിയേഷൻ തെരഞ്ഞെടുത്ത എം.പി. ബിന്ദു(ബിന്ദു ഷാജി)വയനാടിന് അഭിമാനമായി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന നാഷണൽ ഡയറി ഇൻഡസ്ട്രി കോണ്‍ഫറൻസ് ആൻഡ് എക്സിബിഷനിൽ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്നാണ് ബിന്ദു പുരസ്കാരം ഏറ്റുവാങ്ങിയത്. മുട്ടിൽ മാണ്ടാട് കവളയ്ക്കൽ ഷാജിയുടെ ഭാര്യയാണ് 46കാരിയായ ബിന്ദു. ഡിൽന ഷാജി, ബേസിൽ ഷാജി, ജിൽന ഷാജി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. പ്ലസ് ടു പഠനത്തിനുശേഷമാണ് ബിന്ദു ക്ഷീരരംഗത്ത് സജീവമായത്.
വിവാഹശേഷവും ക്ഷീരവൃത്തി തുടർന്ന അവർ കുടുംബാംഗങ്ങളുടെ പിന്തുണയോടെ 2018ലാണ് മാണ്ടാടിൽ ഡയറി ഫാം ആരംഭിച്ചത്. നാല് ഏക്കർ 30 സെന്റ് വരുന്നതാണ് ഫാം. ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ക്ഷീരവൃത്തി തൊഴിലിനുപരി സ്വാശ്രയത്വം, സന്തോഷം, സമൂഹത്തിന് ഗുണമേൻമയുള്ള പാൽ നൽകണമെന്ന പ്രതിബദ്ധത എന്നിവ ആധാരമാക്കിയ ജീവിതശൈലിയാണെന്ന് മാണ്ടാട് നിവാസികൾ പറയുന്നു.
2018 മുതൽ തേനേരി ക്ഷീരസംഘം അംഗമാണ് ബിന്ദു. ഉത്പാദിപ്പിക്കുന്ന പാൽ പൂർണമായും സഹകരണ സംഘത്തിനാണ് ലഭ്യമാക്കുന്നത്. നിലവിൽ ശാസ്ത്രീയ രീതിയിൽ നടത്തുന്ന ഡയറി യൂണിറ്റിൽ കറവയുള്ള 67 ഉം വറ്റുകറവയിലുള്ള 14 ഉം പശുക്കളും 13 കിടാരികളും ആറ് മൂരിക്കുട്ടൻമാരും 13 പശുക്കുട്ടികളും ഒന്നുവീതം കാളയും പോത്തും ഉണ്ട്. ദിനേന ശരാശരി 850 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ബിന്ദുവിന്റെ ഫാം പ്രദേശത്തെ ശ്രദ്ധേയഡയറി യൂണിറ്റുകളിലൊണ്.
കുടുംബത്തിന്റെ കൈവശത്തിലുള്ള കൃഷിയിടത്തിൽ 11 ഏക്കർ പൂർണമായും തീറ്റപ്പുൽക്കൃഷിക്കാണ് വിനിയോഗിക്കുന്നത്. പ്രധാനമായും സൂപ്പർ നേപ്പിയറാണ് കൃഷി ചെയ്യുന്നത്.
ടോട്ടൽ മിക്സ്ഡ് റേഷൻ മാതൃക ഉൾപ്പെടെ ശാസ്ത്രീയ തീറ്റമുറകൾ പിന്തുടരുകയും 20 ടണ്‍ ശേഷിയുള്ള രണ്ട് സൈലേജ് അറകൾ ഒരുക്കി വർഷം മുഴുവൻ തീറ്റ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സുസ്ഥിരവും മാലിന്യമില്ലാത്തതുമായ കൃഷിരീതിയാണ് ഫാമിന്റെ പ്രത്യേകത. ചാണകം ഡി വാട്ടറിംഗ് മെഷീൻ ഉപയോഗിച്ച് ഉണക്കി അലങ്കാര നഴ്സറികൾക്കും കൃഷിയിടങ്ങൾക്കും വിതരണം ചെയ്യുന്നുണ്ട്. സ്ലറി ബയോഗ്യാസ് നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. അധിക സ്ലറി ടാങ്കറുകൾ വഴി കാപ്പി, പഴ തോട്ടങ്ങൾക്കാണ് നൽകുന്നത്.
കിടാവുകൾക്ക് ലൂസ് ഹൗസിംഗ് ഷെഡുകൾ, പുതുതായി ജനിച്ചവയ്ക്ക് പ്രത്യേക തൊഴുത്ത്, ഓരോ പശുവിനും എപ്പോഴും വെള്ളം ലഭിക്കാനുള്ള സംവിധാനം, 18 മിൽക്കിംഗ് പാർലറുകൾ, മേച്ചിൽപ്പുറങ്ങൾ, കമേഴ്സ്യൽ ഫാനുകൾ ഉപയോഗിച്ച് മികച്ച വായുസഞ്ചാരം, മിനറൽ സപ്ലിമെന്റേഷൻ എന്നിവയുൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഫാമിൽ ഒരുക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെയും തൊഴിലാളികളുടെയും പിന്തുണയോടെ സമീപ കർഷകർക്ക് മാർഗനിർദേശം നൽകി ആധുനികവും സുസ്ഥിരവുമായ വനിതാ നേതൃത്വത്തിലുള്ള ക്ഷീര സംരംഭകത്വത്തിന്റെ മാതൃകയായി ഉയർന്നിരിക്കയാണ് ബിന്ദു ഷാജി. മാണ്ടാട് കവളയ്ക്കൽ ഷാജിയുടെ ഭാര്യയാണ് 46കാരിയായ ബിന്ദു. ഡിൽന ഷാജി, ബേസിൽ ഷാജി, ജിൽന ഷാജി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
District News
കെ.ജെ. ജോബി
പുൽപ്പള്ളി: പത്ത് ഏക്കർ സ്ഥലത്ത് തനിവിളയായി മൂന്നര പതിറ്റാണ്ടായി തെങ്ങ് കൃഷി ചെയ്ത് നൂറുമേനി തിളക്കത്തിൽ കേരള-കർണാടക അതിർത്തിയിലെ മരക്കടവ് കാരക്കൊന്പിൽ കെ.വി. ജോസ് എന്ന കർഷകൻ. കബനിനദിയുടെ തീരത്താണ് ജോസിന്റെ കൃഷിയിടം. നാളികേര കർഷകനെന്ന നിലയിൽ ഇത്രയും വർഷത്തിനിടയിൽ ഒരിക്കൽ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് ജോസ് പറയുന്നു. മികച്ച വിളവും വരുമാനവും നൽകുന്ന കൃഷിയാണിത്.
1990ലാണ് കബനിനദിയുടെ തീരത്തായി മരക്കടവിൽ സ്ഥലം വാങ്ങി തെങ്ങ് തനിവിളയായി കൃഷി ചെയ്യുന്നത്. സമീപത്ത് കൂടി കബനിനദിയൊഴുകുന്നതിനാൽ ജലസേചനത്തിനും നാളിതുവരെയായി ഒരു തടസവുമുണ്ടായിട്ടില്ല. തേങ്ങയുടെ വിളവെടുപ്പ് ഒന്നര മാസം കൂടുന്പോഴാണ്. ഒരാഴ്ചയോളം സമയമെടുത്താണ് വിളവെടുപ്പ് പൂർത്തിയാക്കുന്നത്. രണ്ടോ, മൂന്നോ ദിവസത്തിനുള്ളിൽ തേങ്ങ പൊതിച്ച് വിൽക്കും.
ശരാശരി 100 ക്വിന്റലോളം വിളവാണ് ഒരുസമയത്ത് ലഭിക്കാറുള്ളത്. കച്ചവടക്കാർ കൃഷിയിടത്തിലെത്തി തേങ്ങ വാങ്ങുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകളുമില്ലെന്ന് ജോസ് പറഞ്ഞു. തേങ്ങയായി തന്നെയാണ് ഇത്രയും കാലമായി വിൽപ്പന നടത്തുന്നത്. ഇടയ്ക്ക് കരിക്കെടുക്കാനും തോട്ടത്തിൽ ആളുകളെത്തുന്നുണ്ട്.
കരിക്ക് ഒന്നിന് 30 രൂപ ലഭിക്കും. കച്ചവടക്കാർത്തന്നെ കരിക്ക് പറിച്ച് വാഹനത്തിൽ കൊണ്ടുപോകുന്നതിനാൽ മറ്റ് ചെലവുകളുമില്ല. ചകിരിയും മറ്റും നേരത്തെ വിൽപ്പന നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. കൃഷിയിടത്തിൽ തന്നെ പശുഫാമുള്ളതിനാൽ ചാണകമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. വർഷത്തിലൊരിക്കൽ നേരിയ രീതിയിൽ രാസവളപ്രയോഗവും നടത്താറുണ്ടെന്ന് ജോസ് പറഞ്ഞു.
വയസ് 70 ആയെങ്കിലും മുഴുവൻ സമയവും ജോസ് കൃഷിയിടത്തിൽ തന്നെയാണ്. കബനികടന്നും അല്ലാതെയുമെത്തുന്ന കാട്ടാനകൾ പലപ്പോഴും കൃഷിക്ക് ഭീഷണിയാകാറുണ്ട്. നിലവിൽ സ്വന്തം ചെലവിൽ ഫെൻസിംഗ് ഇട്ടാണ് കൃഷിയെ സംരക്ഷിച്ചുപോരുന്നത്. പശുഫാം കൂടാതെ മത്സ്യകൃഷി നടത്താനും താൽപര്യമുള്ള ജോസ് കൃഷിയിടത്തിൽ തന്നെ കുളമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.
വിലയിടിവിനെ തുടർന്ന് തെങ്ങ് കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞപ്പോഴും തെങ്ങ് കൃഷി വിടാതെ സംരക്ഷിച്ച് പോന്ന ജോസിന് തേങ്ങയുടെ വില വർധന ഏറെ ഗുണകരമായിരിക്കുകയാണ്. ഒരു വശം കബനി പുഴയും നെൽപ്പാടത്താലും ചുറ്റപ്പെട്ട ജോസിന്റെ തെങ്ങിൻ തോട്ടം മനോഹര കാഴചയാണ്. ജില്ലയിൽ തന്നെ തനിവിളയായി തെങ്ങ് കൃഷി ചെയ്യുന്ന പ്രധാന കർഷകൻ കൂടിയാണ് ജോസ്. പരേതയായ ആനീസാണ് ജോസിന്റെ ഭാര്യ. മക്കളായ സിബി, ജോസുകുട്ടി എന്നിവരും കൃഷിയിൽ സജീവമാണ്.
District News
മേപ്പാടി: വെണ്ടർ ലൈസൻസ് പുതുക്കി നൽകാനോ പുതിയ ലൈസൻസ് അനുവദിക്കാനോ രജിസ്ട്രേഷൻ വകുപ്പ് തയാറാകുന്നില്ല. മേപ്പാടി മേഖലയിലെ ജനങ്ങൾക്ക് മുദ്രപ്പത്രം, റവന്യു സ്റ്റാന്പ് എന്നിവ കിട്ടാക്കനിയായി മാറി.
മേപ്പാടിയിലുണ്ടായിരുന്ന വെണ്ടർ ലൈസൻസി മരണപ്പെട്ട് അഞ്ച് വർഷം പിന്നിട്ടിട്ടും പുതിയ ലൈസൻസ് അനുവദിക്കാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം.
മരിച്ച ലൈസൻസിയുടെ അനന്തരാവകാശികൾ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്താൻ സന്നദ്ധരാണെങ്കിലും അവർക്ക് ലൈസൻസ് അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണാക്ഷേപം. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പാണ് ലൈസൻസ് അനുവദിക്കേണ്ടത്.
ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളുടെ രജിസ്ട്രേഷനാണ് ഓണ്‍ലൈനാക്കിയത്. ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇപ്പോഴും മുദ്രപ്പത്രം ആവശ്യമാണ്. വടുവഞ്ചാൽ മുതൽ മേപ്പാടി വരെയുള്ള മേഖലകളിൽ മുദ്രപ്പത്രത്തിനായി ജനങ്ങൾ അലയുകയാണ്.
ഒരു മുദ്രപ്പത്രത്തിനോ ഒരു റവന്യു സ്റ്റാന്പിനോ വേണ്ടി കൽപ്പറ്റയിലെത്തണം. ബാങ്ക് ഇടപാടുകൾക്ക് ഒരു രൂപയുടെ ഒരു റവന്യു സ്റ്റാന്പ് വാങ്ങണമെങ്കിലും ടാക്സി വിളിച്ച് കൽപ്പറ്റയിൽ എത്തേണ്ട ഗതികേടിലാണ് ജനങ്ങൾ. ആധാരമെഴുത്തുകാരും ഇതേ ദുരിതം അനുഭവിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി പ്രദേശത്തുള്ളവർ മുദ്രപ്പത്രത്തിനായി അലയുന്നു. മേപ്പാടിയിലേക്ക് ഒരു വെണ്ടർ ലൈസൻസ് അനുവദിക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
District News
മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജംഗ്ഷന് സമീപവും കഴിഞ്ഞ ദിവസം റോഡിൽ ഓയിൽ പരന്ന് ഗതാഗത തടസം ഉണ്ടായി. ഓയിൽ ഒഴുകിയ ഭാഗത്ത് തെന്നിവീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അഗ്നി-രക്ഷാസേന വെള്ളം പന്പ് ചെയ്ത് റോഡ് വൃത്തിയാക്കിയാണ് ഗതാഗത തടസം നീക്കിയത്.
District News
മേപ്പാടി: ചൂരൽമല റോഡിൽ നെല്ലിമുണ്ട ഒന്നാംമൈലിൽ നിയന്ത്രണംവിട്ട ജീപ്പ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അപകടം. ചൂരൽമല ഭാഗത്തുനിന്ന് മേപ്പാടിക്ക് വരികയായിരുന്ന ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു.
District News
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയിൽ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി സമർപ്പിച്ച ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു.
എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. ജസ്റ്റീസ് എൻ. അനിൽകുമാർ, ജസ്റ്റീസ് വി. ഷിർഷി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ പ്രാരംഭവാദം കേട്ടത്. ചീഫ് സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ആക്ഷൻ കമ്മിറ്റി ഹർജി സമർപ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങളോ ചികിത്സ സൗകര്യങ്ങളോ ഇല്ലാതെ മാനന്തവാടിയിൽ പേരിനുമാത്രം പ്രവർത്തിക്കുന്ന മെഡിക്കൽ കോളജും ആശുപത്രിയിലും ജനങ്ങൾക്ക് വേണ്ടവിധം ഉപകാരപ്പെടുന്നില്ല. ഇത് ലോകായുക്ത നിയമത്തിൽ പറയുന്ന ദുർഭരണം, അനീതി, വിവേചനം, അടിച്ചമർത്തൽ എന്നിവയുടെ നിർവചനത്തിൽ വരുമെന്നും അതിനാൽ വിശദാന്വേഷണം നടത്തി മെഡിക്കൽ കോളജ് മടക്കിമലയിലെ ഭൂമിയിൽ സ്ഥാപിക്കുന്നതിന് സർക്കാരിന് ഉത്തരവ് നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ആക്ഷൻ കമ്മിറ്റിക്കുവേണ്ടി രക്ഷാധികാരി അഡ്വ. വി.പി. എൽദോ ലോകായുക്തയിൽ ഹാജരായി. കേസ് വീണ്ടും പരിഗണിക്കുന്നതിന് മാർച്ച് 25ലേക്ക് മാറ്റി. എതിർ കക്ഷികൾ അന്ന് ഹാജരായി വിശദീകരണം നൽകണം. അതിനിടെ, മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കുന്നതിനു നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും തുടരാൻ എംജിടി ഓഡിറ്റോറിയത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. എസ്എച്ച്ആർപിസി ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി. ഗോകുൽദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി.പി. എൽദോ, കെ.ജെ. വർഗീസ്, ബിന്ദു മിൽട്ടൻ, ശാന്തകുമാരി വിനായക, എ.വി. രാജേന്ദ്രപ്രസാദ്, കെ. ഫസ്ന,ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം. ബാലകൃഷ്ണൻ സി.എച്ച്. സജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
District News
പനമരം: കൈതക്കലിന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചതിനെത്തുടർന്ന് റോഡിൽ ഓയിൽ പരന്നൊഴുകിയത് ഗതാഗത തടസത്തിന് കാരണമായി. ഇന്നലെ പകലായിരുന്നു അപകടം. മാനന്തവാടി അഗ്നി-രക്ഷാനിലയത്തിലെ ഓഫീസർ(ഗ്രേഡ്)സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
District News
പുൽപ്പള്ളി: കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കബനിഗിരി തലവഞ്ചേരി വേണുവിനാണ്(65)പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കബനിഗിരി നിർമല ഹൈസ്കൂളിന് സമീപമാണ് അപകടം.
കൈയ്ക്കും കാലിനും പരിക്കേറ്റ വേണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.
District News
മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്കാരം സ്റ്റെല്ല മാത്യുവിന്
കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗണ്‍സിൽ 2025ലെ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച എഴുത്തുകാർക്കുള്ള പുരസ്കാരങ്ങൾ ഷീല ടോമി(കഥാസമാഹാരം-കിളിനോച്ചിയിലെ ശലഭങ്ങൾ), ഡോ. കെ. രമേശൻ(സാഹിത്യ നിരൂപണം-ബെന്യാമിൻ;പ്രത്യാശാമുനന്പിലെ എഴുത്തുകൾ), സി.വി. ജോയി(നോവൽ-പക്ഷിക്കൂടുകളുടെ മ്യൂസിയം), സ്റ്റെല്ല മാത്യു(കവിതാസമാഹാരം-ഒരാൾക്കുള്ള മൂന്ന് ചായകൾ)എന്നിവർ നേടി.
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി.കെ. സത്താർ, വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം. സുമേഷ്, ജോയിന്റ് സെക്രട്ടറി ഡോ. ജിതിൻ കണ്ടോത്ത്, സംസ്ഥാന സമിതിയംഗം പി. ശിവദാസ് എന്നിവർ വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി. പോക്കർ സ്മാരക പുരസ്കാരത്തിന് മാനന്തവാടി പൂളയ്ക്കൽ ഗോത്രദീപം ആദിവാസി ഗ്രന്ഥാലയത്തെ തെരഞ്ഞെടുത്തതായി അവർ അറിയിച്ചു.
പാപ്ലശേരി ഇ.കെ. നായനാർ വായനശാലയാണ് ബത്തേരി താലൂക്കിലെ മികച്ച ഗ്രന്ഥശാല. വൈത്തിരി താലൂക്കിലെ മികച്ച ഗ്രന്ഥാലയമായി വണ്ടിയാന്പറ്റ യുവശബ്ദം ഗ്രന്ഥാലയത്തെ തെരഞ്ഞെടുത്തു. വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയാണ് മാനന്തവാടി താലൂക്കിലെ മികച്ച ഗ്രന്ഥശാല. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം. ബാലഗോപാൽ സ്മാരക പുരസ്കാരത്തിന് മാണ്ടാട് ഗ്രാമോദയം ക്ലബ് ആൻഡ് ലൈബ്രറിയിലെ പി.എം. യെൽദോയെ തെരഞ്ഞെടുത്തു.
മാനന്തവാടി പഴശി സ്മാരക ഗ്രന്ഥാലയത്തിലെ വി.പി. ഷിനോജാണ് മാനന്തവാടി താലൂക്കിലെ മികച്ച ലൈബ്രേറിയൻ. ബത്തേരി താലൂക്കിലെ മികച്ച ലൈബ്രേറിയനായി പുൽപ്പള്ളി ചണ്ണോത്തുകൊല്ലി ജൂലി ലൈബ്രറിയിലെ കെ.ജെ. തോമസിനെയും വൈത്തിരി താലൂക്കിലെ മികച്ച ലൈബ്രേറിയനായി പാറത്തോട് ഭാവചിത്ര ഗ്രന്ഥശാലയിലെ ജാസ്മിൻ ലിജോയെയും തെരഞ്ഞെടുത്തു. പുരസ്കാരങ്ങൾ 17ന് ഉച്ചകഴിഞ്ഞ് മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുന്ന സാംസ്കാരിക സംഗമത്തിൽ വിതരണം ചെയ്യും.
സംഗമം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിക്കും. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത് മുഖ്യാതിഥിയാകും. "കേരളം: എഴുത്ത്, വായന, പ്രതിരോധം’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഡോ. പി.കെ. ഗോപൻ വിഷയം അവതരിപ്പിക്കും. ജില്ലയിൽ ലൈബ്രറി കൗണ്‍സിലിനു കീഴിൽ 268 ഗ്രാമീണ ഗ്രന്ഥശാലകളുണ്ട്. ഇതിൽ 36 എണ്ണം പട്ടികവർഗ ഗ്രന്ഥാലയങ്ങളാണ്. കുറഞ്ഞത് 1,000 പുസ്തകങ്ങളും കെട്ടിട സൗകര്യവും ഒരു വർഷം പഴക്കവുമുള്ള ഗ്രന്ഥാലയങ്ങൾക്കാണ് കൗണ്‍സിൽ അഫിലിയേഷൻ നൽകുന്നത്. ജില്ലയിലെ മൂന്ന് താലൂക്കുകളിലും 2030 ഓടെ 150 വീതം ലൈബ്രറികൾ എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സിൽ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു.
District News
മാനന്തവാടി: ഗവ. മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവജ്യോതി ചാരിറ്റബിൾ ട്രസ്റ്റിന്റെ രജത ജൂബിലി വർഷ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു.
ജീവജ്യോതി കുടുംബ സംഗമവും പിതാവ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ബ്രദർ ഷെപ്പേർഡ് മഠത്തിപ്പറന്പിൽ, ബ്രദർ ജോണി പാറ്റാനി, മുനിസിപ്പൽ കൗണ്‍സിലർ റസിയ ബീഗം, ആനീസ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശന്പളം 15,000 രൂപയാക്കണമെന്ന് സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. ഒരു വർഷം ശന്പളത്തോടുകൂടിയ അഞ്ച് അവധി അനുവദിക്കുക, അഞ്ചുവർഷം പ്രവൃത്തി പരിചയം ഉള്ളവരെയും ആർടിഒ ക്ലാസിൽ പങ്കെടുത്തവരെയും മാത്രം സ്കൂൾ ബസിൽ ഡ്രൈവറായി നിയമിക്കുക, മുഴുവൻ സ്കൂൾ ബസ് ഡ്രൈവർമാരെയും പിഎഫിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് ബേബി കൈനികുടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ഷാഫി, ട്രഷറർ ജമാൽ തെക്കേപൊയ്ക്കാട്ടിൽ, എൻ. യൂസഫ്, കെ.കെ. മുനീർ, ടി.ടി. ജോയി, കെ.ജി. മൂസ, ശിവദാസ് എന്നിവർ പ്രസംഗിച്ചു.
District News
കൽപ്പറ്റ: ജെസിഐ ശാഖാ ഭാരവാഹികൾ സ്ഥാനമേറ്റു. ഐ.വി. രാജേഷ്(പ്രസിഡന്റ്), പി. ജിഷാദ്(സെക്രട്ടറി), മുഹസിൻ റാഷിദ്(ട്രഷറർ)എന്നിവരാണ് പഴയ വൈത്തിരി എക്കോ പാർക്കിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റത്. അമൃത മാങ്ങാടത്ത് അധ്യക്ഷത വഹിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് സോഷ്യൽ പോലീസിംഗ് നോഡൽ ഓഫീസർ കെ.എം. ശശീന്ദ്രൻ മുഖ്യാതിഥിയായി. ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് മോവിൻ മോഹൻ, മുൻ സോണ്‍ ഓഫീസർ ടി.എൻ. ശ്രീജിത്ത്, പ്രോഗ്രാം ഡയറക്ടർ പി.ഇ. ഷംസുദ്ദീൻ, ശിഖ ആനന്ദ്, അനീറ്റ, വി.എ. മനൂപ്, എൻ.കെ. ജയറാം എന്നിവർ പ്രസംഗിച്ചു. കളിസ്ഥലത്തിന് ഭൂമി നൽകിയ ഉസ്മാൻ മദാരിയെ ആദരിച്ചു.
District News
അരുണ്‍ വിൻസന്റ്
മാനന്തവാടി: പൈതൃക നഗരമെങ്കിലും അതിനൊത്ത പ്രാധാന്യം ലഭിക്കാതെ മാനന്തവാടി.
പഴശി രാജാവിന്റെ മൃതദേഹം അടക്കം ചെയ്ത പഴശികുടീരം, പഴശിപാർക്ക്, കുറുവ ദ്വീപ് പ്രവേശന കവാടം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗം, ബ്രിട്ടീഷുകാരെ അടക്കം ചെയ്ത എരുമത്തെരുവ് സിഎസ്ഐ സെമിത്തേരി, വള്ളിയൂർക്കാവ്, അമലോദ്ഭവമാതാ തീർഥാടനകേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത് നഗരസഭാ പരിധിയിലാണ്.
തിരുനെല്ലി ക്ഷേത്രദർശനത്തിനെത്തുന്നവരിൽ ഭൂരിഭാഗവും വന്നുപോകുന്നത് മാനന്തവാടിയിലൂടെയാണ്. കബനിയുടെ കൈവഴി ഇതിലേ ഒഴുകുന്നുണ്ട്. കർണാടക യാത്രയ്ക്ക് രാത്രിവിലക്കില്ലാത്ത കുട്ട-മൈസൂരു പാത കടന്നുപോകുന്നത് മാനന്തവാടിയിലൂടെയാണ്. എന്നിട്ടും പൈതൃക നഗരത്തിന്റെ ഗരിമ മാനന്തവാടിക്ക് അന്യം.
80 ചതുരശ്ര കിലോമീറ്ററാണ് നഗരസഭയുടെ വിസ്തൃതി. ഇതിൽ 14.27 ചതുരശ്ര കിലോമീറ്റർ വനമാണ്. ജനവാസ കേന്ദ്രങ്ങളിൽ ഏഴ് ചതുരശ്ര കിലോമീറ്ററിൽ ചുവടെ ഭാഗമാണ് നഗരവുമായി ബന്ധപ്പെട്ടു കിടക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളാൽ സന്പന്നമാണ് മാനന്തവാടി. എന്നാൽ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ വളരെ കുറവാണ്.
തിരക്കുകളിൽ നിന്നകന്ന് സമയം ചെലവിടാൻ എത്തുന്നവർക്ക് മിതമായ നിരക്കിൽ താമസിക്കാൻ നഗരത്തിൽ കാര്യമായ സംവിധാനമില്ല. പൊതുമരാമത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവ്, ടൂറിസ്റ്റ് ബംഗ്ലാവ്, വനം റസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ മാത്രമാണ് താമസ സൗകര്യം. കൂട്ടത്തോടെ ബസിലും മറ്റും എത്തുന്നവരെ ഉൾക്കൊള്ളാനുള്ള താമസ സൗകര്യം എവിടെയും ഇല്ല. വനം വിശ്രമമന്ദിരത്തിൽ ആകെ മൂന്ന് മുറികളാണ്. ഇതിൽ രണ്ട് സ്യൂട്ട് മുറികൾ വിഐപികൾക്ക് മാത്രമേ അനുവദിക്കൂ.
ശേഷിക്കുന്ന ഒന്നിന് സാധാരണക്കാർ രണ്ടായിരം രൂപ നൽകണം. നഗരത്തിൽ എത്തുന്നവർക്ക് മിത നിരക്കിൽ താമസത്തിനു സൗകര്യമൊരുക്കാൻ നഗരസഭ പദ്ധതി നടപ്പാക്കിയാൽ പ്രധാന വരുമാനമാർഗമാകുമെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. കർണാടകയിലേക്കടക്കം പോകുന്നതിന് ആളുകൾ ആശ്രയിക്കുന്ന മാനന്തവാടി നഗരത്തെ ഇടത്താവളമായി വികസിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് വള്ളിയൂർക്കാവ്.
ഇവിടെയെത്തുന്നവർക്ക് താമസ സൗകര്യമില്ല. തലശേരി പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തി നാലരക്കോടി രൂപ ചെലവിൽ ദേവസ്വത്തിന്റെ സ്ഥലത്തുണ്ടാക്കിയ നിർമിതികൊണ്ട് പ്രയോജനമില്ല. തിരുനെല്ലിയിൽ സന്ദർശകരുടെ താമസത്തിന് നാമമാത്ര മുറികൾ മാത്രമാണ് ദേവസ്വത്തിനുള്ളത്. ഇതിപ്പോൾ അറ്റകുറ്റപ്പണികൾക്ക് അടച്ചിട്ടിരിക്കയാണ്. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ നിർമിച്ച പൊതുസൗകര്യ കേന്ദ്രം കാലങ്ങളായി അടഞ്ഞു കിടക്കുകയാണ്.
ഇത് തുറന്ന് പ്രവർത്തിപ്പിച്ചാൽ സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകും. തിരുനെല്ലി, വള്ളിയൂർക്കാവ്, തൃശിലേരി തുടങ്ങിയ ക്ഷേത്രങ്ങളും അമലോദ്ഭവമാതാ തീർഥാടനകേന്ദ്രം, ബാവലി മഖാം എന്നിവയും ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നത് മാനന്തവാടിയുടെ പുരോഗതിക്ക് ഉതകും. പഴശികുടീരം, എരുമത്തെരുവ് സിഎസ്ഐ സെമിത്തേരി ഉൾപ്പെടുത്തിയും ടൂറിസം സർക്യൂട്ട് വികസിപ്പിക്കാൻ സാധിക്കും. എരുമത്തെരുവിലെ സെമിത്തേരിയിൽ നിലവിൽ സന്ദർശകരെ അനുവദിക്കാറില്ല.
District News
കൽപ്പറ്റ: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ(ഐഎൻടിയുസി), സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തോട്ടം തൊഴിലാളികൾ 17ന് രാവിലെ 10ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
സേവന-വേതന വ്യവസ്ഥകൾ പുതുക്കണമെന്ന ആവശ്യവുമായാണ് സമരമെന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയംഗവും(പിഎൽസി)ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി, മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ്ബാബു, സ്വന്തന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി. ഹംസ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തും. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാലാവധി 2025 ഡിസംബർ 31ന് അവസാനിച്ചതാണ്. അധ്വാനഭാരം വർധിപ്പിക്കാതെ പ്രതിദിന വേതനം 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ 800 രൂപയാക്കണമെന്നും തൊഴിലാളികളുടെ ദുരിത ജീവിതം അവസാനിപ്പിക്കുന്നതിന് പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.
തോട്ടം തൊഴിലാളികളെ സർക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ സേവന-വേതന കരാർ കലാവധി 2021 ഡിസംബർ 31ന് അവസാനിച്ചതാണ്. ഒന്നര വർഷത്തിനുശേഷം 2023 ജൂണിലാണ് കൂലി പുതുക്കി വിജ്ഞാപനം ഇറക്കിയത്. 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് കൂലി പുതുക്കിയത്. ഒരു വർഷത്തെ മുൻകാല പ്രാബല്യം നിഷേധിച്ചു.
മാസശന്പളക്കാരുടേതടക്കം മറ്റ് ആനുകൂല്യങ്ങൾ പുതുക്കുന്നതിന് ലേബർ കമ്മീഷണർ അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ ഇന്നോളം സബ് കമ്മിറ്റി യോഗം ചേർന്നില്ല.
498 രൂപയാണ് നിവിൽ തോട്ടം തൊഴിലാളികളുടെ ദിവസക്കൂലി. ഇത് സർക്കാർ നിശ്ചയിച്ച മിനിമം കൂലിക്കും വളരെ താഴെയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്ലാന്റേഷൻ ലേബർ കമ്മിറ്റി മൂന്നു തവണയാണ് ചേർന്നത്. 2025 ജൂണിലായിരുന്നു ഏറ്റവും ഒടുവിലുത്തെ പിഎൽസി യോഗം. യൂണിയനുകൾ സമ്മർദം ശക്തമാക്കിയ സാഹചര്യത്തിലാണ് വരുന്ന 18ന് പിഎൽസി യോഗം വിളിച്ചത്.
യൂണിയനുകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനും പ്ലാന്റേഷൻ ലേബർ കമ്മിറ്റിക്കും ലേബർ കമ്മീഷണർക്കും പലതവണ കത്ത് നൽകിയെങ്കിലും പ്രത്യേകഫലം ഇല്ല. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുനേരേ ഉത്തരവാദപ്പെട്ടവർ കണ്ണടയ്ക്കുകയാണ്. ഈ സ്ഥിതി തുടരാനാകില്ല. 2016ലെ ജസ്റ്റീസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ തൊഴിലാളികൾക്ക് അനുകൂലമായ ശിപാർശകളിൽ ഒന്നുപോലും പ്രവർത്തികമായില്ല. എന്നാൽ മാനേജ്മെന്റുകൾക്ക് ഗുണകരമായ ശിപാർശകൾ നടപ്പാക്കി.
തൊഴിലാളികളുടെ ലയങ്ങൾ വാസയോഗ്യമാക്കുന്നതിന് സത്വര നടപടി ഉണ്ടാകണം. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്പെഷൽ അലവൻസ് 10 രൂപയാക്കണം. വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിന് മുകളിൽ ഓരോ കിലോഗ്രാമിനും രണ്ട് രൂപ അധികം നൽകണം. സർവീസ് വെയിറ്റേജ് കാലാനുസൃതമാക്കണം. മാസശന്പളക്കാർക്ക് സീനിയോരിറ്റി അനുസരിച്ച് ഇൻക്രിമെന്റ് നൽകണം.
തോട്ടം തൊഴിലാളികളുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ് പൂർണമായും അനുവദിക്കണം. മരണാനന്തര ചെലവിന് 10,000 രൂപ നൽകണം. തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
District News
കോട്ടത്തറ: ചെന്നലോട്-ഊട്ടുപാറ റോഡുപണി പൂർത്തിയാക്കാത്തതിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മൂന്നു വർഷം മുന്‍പ് ആരംഭിച്ച പ്രവൃത്തി പൂർത്തിയാകാത്തത് കരാറുകാരന്റെ അനാസ്ഥമൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.
വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും അരിക് കെട്ടുന്നതിന് റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ചുനീക്കിയിട്ട് മാസങ്ങളായി. ശക്തമായി മഴ പെയ്താൽ ഈ ഭാഗങ്ങളിൽ റോഡുതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രവൃത്തി പൂർത്തിയാക്കുന്നതിൽ ഉദാസീനത തുടർന്നാൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. മാണി ഫ്രാൻസിസ്, സുരേഷ് ബാബു വാളൽ, പി.പി. റെനീഷ്, പി.എൽ. ജോസ്, ബേബി പുന്നക്കൽ, സി.സി. രജിത, സി.കെ. ഇബ്രായി, ജോസ് പീയുസ്, എം.വി. ടോമി, പി.കെ. ജോണ്‍, ജസ്റ്റിൻ പാറേക്കാട്ടിൽ, പി.ഇ. വിനോജ് എന്നിവർ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: തയ്യൽ തൊഴിലാളികളുടെ സീനിയോരിറ്റി പെൻഷൻ കുടിശിക ഉടൻ അനുവദിക്കണമെന്ന് കെഎസ്ടിഎ-എൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പെൻഷൻ കുടിശികയും പ്രസവാനുകൂല്യവും അനുവദിക്കാത്തപക്ഷം ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സി.എ. നിഷ, ഔസേപ്പ്, മുനീറ അസീസ്, കെ. റസിയ എന്നിവർ പ്രസംഗിച്ചു.
District News
മേപ്പാടി: കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുകയും തൊഴിലാളി വിരുദ്ധ ലേബർ കോഡ് നടപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരേ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം നടത്തിയത്.
ഏരിയാ കമ്മിറ്റി പ്രസിഡന്റ് മാത്യു ധർണ ഉദ്ഘാടനം ചെയ്തു. ജബറുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ദ്വര രാജ്, ഏരിയ കമ്മിറ്റി അംഗം അനീഷ് കെ. ജോസഫ്, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: വേനൽ ആരംഭിച്ചതോടെ കരിക്ക് വിപണി സജീവമാകുന്നു. നാളികേരത്തിന് വില വർധിച്ചതും കേരകർഷകർക്ക് ആശ്വാസമായി. കുടിയേറ്റ മേഖലയിലെ തെങ്ങിൻ തോപ്പുകളിൽ കരിക്കിനായി സമീപ ജില്ലകളിലെ കച്ചവടക്കാർ എത്തിയതോടെയാണ് കരിക്ക് വിപണി സജീവമായത്.
കോഴിക്കോട്, കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് മറ്റു ജില്ലകളിലേക്കും കരിക്ക് കയറ്റി അയയ്ക്കുന്നത്. തേങ്ങയെ അപേക്ഷിച്ച് കരിക്കായി വിൽക്കുന്നത് ലാഭകരമായതോടെ കൂടുതൽ കർഷകർ കരിക്ക് വിൽക്കാൻ തയാറാകുന്നുണ്ട്. ഗുണമേൻമയിലും രുചിയിലും മുന്നിൽ നിൽക്കുന്നതും അമിത വളപ്രയോഗം നടത്താത്തതുമാണ് വയനാടൻ കരിക്കിന് ആവശ്യക്കാരേറാൻ കാരണം.
മുൻ കാലങ്ങളിൽ കർണാടകയിൽ നിന്നായിരുന്നു കേരളത്തിലേക്ക് കരിക്ക് കൂടുതലായി കൊണ്ടുവന്നിരുന്നത്. എന്നാൽ കർണാടകയിലെ തെങ്ങിൻ തോപ്പുകളിൽ കൂടുതൽ കീടനാശിനികൾ തളിക്കുന്നുവെന്ന പ്രചാരണം ശക്തമായതാണ് വയനാടൻ കരിക്കിന് പ്രിയമേറാൻ കാരണം. കച്ചവടകാർ തന്നെ കൃഷിയിടങ്ങളിൽ നേരിട്ടെത്തി കരിക്ക് പറിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്നത് മൂലം കർഷകർക്ക് കയറ്റുകൂലിയോ വണ്ടിക്കൂലിയോ കൊടുക്കേണ്ട. ഇതിനു പുറമേ കരിക്കായി കൊടുക്കുന്നതുമൂലം തെങ്ങിന് കൂടുതൽ വിളവ് ലഭിക്കുമെന്നും കർഷകർ പറയുന്നു.
ഒരു കരിക്കിന് 28 മുതൽ 30 രൂപ നിരക്കിലാണ് കച്ചവടം. ആറ് മാസം കൊണ്ട് കരിക്ക് പാകമാകും. തേങ്ങ പാകമാകണമെങ്കിൽ കൂടുതൽ സമയം വേണം. ഇതാണ് കർഷകരെ കരിക്ക് വിൽക്കാൻ പ്രേരിപ്പിക്കുന്നത്. വേനൽ കാലം ആരംഭിച്ചതോടെ ദാഹശമനത്തിന് കൃത്രിമ പാനീയങ്ങളേക്കാൾ ആളുകൾ ആശ്രയിക്കുന്നത് കരിക്കാണ്. ഇതാണ് കരിക്കിന് ഡിമാൻഡ് വർധിക്കാൻ കാരണമെന്നും കർഷകർ പറഞ്ഞു.
District News
കൽപ്പറ്റ: സംസ്ഥാനത്ത് കഴിഞ്ഞവർഷം പാന്പുകടിയേറ്റ് മരിച്ചത് 34 പേർ. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം സെക്രട്ടറിയുടെ കാര്യാലയത്തിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരം. 2024-25ൽ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് 67 പേരാണ് മരിച്ചത്.
ആന ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തിൽ ഒന്നു വീതം ആളുകളുടെ ജീവൻ പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം. കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളിൽ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതിൽ 13 പേർ ആദിവാസികളാണ്.
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണത്തിൽ 2016-17 മുതൽ കുറവ് വന്നിട്ടുണ്ട്. 2011 മുതൽ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1,549 മരണങ്ങൾ സംഭവിച്ചു. 1,158 പേർ പാന്പുകടിയേറ്റാണ് മരിച്ചത്. കേരളത്തിൽ ഏകദേശം 16,000 കിലോമീറ്റർ വനാതിർത്തിയുണ്ട്. ഇതിൽ 4,000 കിലോമീറ്റർ വന്യമൃഗ ആക്രമണ സാധ്യതാ പ്രദേശങ്ങളാണ്.
വനമേഖലയിൽ 1,000 ജനവാസ കേന്ദ്രങ്ങളുണ്ട്. അതിനാൽ വന്യജീവി ആക്രമണങ്ങൾ പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. ശരിയായ ഇടപെടലുകൾ നടത്തിയാൽ ആക്രമണത്തിന്റെ തോത് പകുതിയായി കുറയ്ക്കാൻ കഴിയും. 2024ൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് 36 അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിച്ചു.
28 റാപ്പിഡ് റെസ്പോണ്‍സ് ടീം സംസ്ഥാനത്ത് പ്രവർത്തനക്ഷമമാണ്. രണ്ട് മുനിസിപ്പാലിറ്റികളും 28 പഞ്ചായത്തുകളും ഉൾപ്പെടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധി വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളാണെന്നും മറുപടിയിൽ പറയുന്നു.
District News
പടിഞ്ഞാറത്തറ: കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ ശനിയാഴ്ച അർധരാത്രി നടത്തിയ റെയ്ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട്പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെ കല്ല്യാണ്‍ ഡോംബിവ്ലി ജുനി സ്വദേശി കൃഷ്ണ നിവാസിൽ നവീൻ യെരിസ്വാമി (27), താമരശേരി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ മുഹമ്മദ് സുരൈഫ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ടവർ ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെക്കുറിച്ചും റിസോർട്ടുകളെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചും അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുന്പോൾ അവിടെ ലഹരി പാർട്ടികളും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.
വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
District News
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര നാളെ ജില്ലയിൽ. രാവിലെ 10ന് മാനന്തവാടി സെന്റ് ജോസഫ് മിഷൻ ആശുപത്രിക്ക് സമീപം എംജിടി ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി ഗാന്ധി ജംഗ്ഷനിലും വൈകുന്നേരം നാലിന് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തും യാത്ര പര്യടനം നടത്തും. ഓരോ കേന്ദ്രത്തിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകും.
ജില്ല അഭിമുഖീകരിക്കുന്ന ജനകീയ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ "പുതുയുഗത്തിനായി കാതോർത്ത്’ എന്ന പേരിൽ പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും രാവിലെ 8.30ന് മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ പൊതുജന, സംഘടനാ പ്രതിനിധികളുമായി ആശയ വിനിയമം നടത്തും. ഈ പരിപാടിയിൽ ഉയരുന്ന നിർദേശങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പ്രത്യേകം ഉൾപ്പെടുത്തും. ഇടതുഭരണത്തിൽ ജില്ലയിൽ വിവിധ മേഖലകളിൽ ഉണ്ടായ പരാജയങ്ങൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം പുതുയുഗയാത്രയിൽ അവതരിപ്പിക്കും.
സ്വീകരണം വിജയിപ്പിക്കുന്നതിന് ഒരുക്കം പൂർത്തിയായതായി യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ്, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റുകളിൽ ജില്ലയുടെ കാതലായ വിഷയങ്ങൾക്ക് തുക വകയിരുത്തിയിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു.
നിലന്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തില്ല. ടൂറിസം മേഖലയെ പൂർണമായും അവഗണിച്ചു. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ജനങ്ങൾക്ക്സംരക്ഷണ കവചം ഒരുക്കാൻ സർക്കാർ തയാറായില്ല. പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചില്ല. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികൾ കഷ്ടപ്പെടുകയാണ്. ബ്രഹ്മഗിരി പ്രശ്നവും പരിഹരിക്കപ്പെടേണ്ടതുണ്ട്. പുതുയുഗയാത്ര വലിയ പ്രതീക്ഷയാണ് വയനാടിന് നൽകുന്നതെന്നും നേതാക്കൾ പറഞ്ഞു.
District News
പുൽപ്പള്ളി: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിന് പുൽപ്പള്ളിയിൽ തുടക്കമായി. ജില്ല ആംസ് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കബനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പ് ബത്തേരി കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എസ്.എൻ. കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. സാജു അധ്യക്ഷത വഹിച്ചു. ആംസ് റെസ്ലിംഗ് ലോക ചാന്പ്യൻ ഇന്റർനാഷണൽ മാസ്റ്റർ ജോബി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജിനി തോമസ് ലോകതാരങ്ങളെ ആദരിച്ചു.
പി.ബി. സുരേഷ്, എൻ.യു. ഉലഹന്നാൻ, മനോജ് മാത്യു, കെ.ഡി. ചന്ദ്രൻ, ഐഎഎഫ് ഒഫീഷ്യൽ എം.എ. സുബൈർ, ഐഎഎഫ് ചീഫ് റഫറി എം.ഡി. റാഫേൽ എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ വിജയികളാകുന്നവർ ജമ്മുവിൽ നടക്കുന്ന നാഷണൽ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതനേടും. വിവിധ കാറ്റഗറികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് നാനൂറിലധികം മത്സരാർഥികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുന്നുണ്ട്.
District News
സുൽത്താൻ ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്ത് മുള്ളൻപന്നിയെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണഗിരി ഊരുകണ്ടി ഉന്നതിയിലെ അനീഷ്(40), മധു(44) എന്നിവരെയാണ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. സുന്ദരേശൻ, എം.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവരിൽനിന്ന് മുള്ളൻപന്നിയുടെ ജഡം, നാടൻ നിറതോക്ക്, ഓട്ടോറിക്ഷ എന്നിവ പിടിച്ചെടുത്തു. നായാട്ടുസംഘത്തിലെ വി.പി. വിനീഷ്, വി. ബി. ബിജു എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
District News
പുൽപ്പള്ളി: കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും ഈന്തപ്പനകൾ നിറച്ച് കായ്ച്ചതോടെ കാണികളുടെ എണ്ണവും വർധിച്ചു. പാടിച്ചിറ ആലത്തൂർ പടിഞ്ഞാറേക്കരയിൽ രാജുവിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പനകൾ നിറയെ കായ്ച്ച് നിൽക്കുന്നത്. മൂന്ന് വർഷം മുന്‍പ് പുതിയവീട്ടിൽ താമസമാക്കിയപ്പോഴാണ് താമരശേരിയിൽ നിന്നും കൊണ്ടുവന്ന ഈന്തപ്പനയുടെ നാല് തൈകൾ നട്ടത്.
കഴിഞ്ഞ വർഷം മൂന്നാല് കുലകൾ കായ്ച്ചെങ്കിലും ഇത്തവണയാണ് നിറയെ കായിട്ടത്. കായ്ച്ചു നിൽക്കുന്ന ഈന്തപ്പനകൾ കാണാനും ചിത്രങ്ങളെടുക്കാനും നിരവധിയാളുകളാണ് രാജുവിന്റെ വീട്ടിലേക്കെത്തുന്നത്. ജില്ലയിലും ഈന്തപ്പന നല്ലപോലെ വളരുമെന്നതിന്റെ തെളിവാണ് തങ്ങളുടെ മുറ്റത്തെ ഈന്തപ്പനകളെന്ന് രാജു പറഞ്ഞു.
District News
225ഓളം ഇനങ്ങളിലുള്ള മുളകളാൽ സമ്പന്നമായി കൃഷിയിടം
പുൽപ്പള്ളി: കൃഷിയിടത്തിൽ മുളങ്കാടുകൾ വളർത്തി വരൾച്ചയേയും മണ്ണിടിച്ചിലിനേയും പ്രതിരോധിച്ച് വിസ്മയമാകുകയാണ് പുൽപ്പള്ളി തൊട്ടിയിൽ ജോണ്സണ് വർഗീസ് എന്ന കർഷകൻ. വീടിനോട് ചേർന്ന ഒരേക്കർ സ്ഥലത്തും മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടേക്കറിലും മക്കിയാട് മലയ്ക്ക് സമീപം പത്തേക്കർ സ്ഥലത്തുമാണ് വൈവിധ്യമാർന്ന മുളങ്കാടുകൾ ജോണ്സണ് നട്ട് പിടിപ്പിച്ചത്. ഏഴ് വർഷം മുന്‍പാണ് രൂക്ഷമായി കൊണ്ടിരിക്കുന്ന വരൾച്ചയെ പ്രതിരോധിക്കുന്നതിനായും മണ്ണിടിച്ചിൽ തടയുന്നതിനും മുള നടാൻ തുടങ്ങിയത്.
ഇത് കൃഷിയിടത്തിൽ പടർന്നു പന്തലിച്ചു ഹരിതാഭമായി. കർണാടകയിലെ വരണ്ട കാലാവസ്ഥയുടെ പ്രതിഫലനം കേരള-കർണാടക അതിർത്തി മേഖലയെ സാരമായി ബാധിക്കുന്പോൾ ഇതിനെ സ്വാഭാവികമായി പ്രതിരോധിക്കാൻ കഴിയുമെന്നുകൂടി തെളിയിക്കുകയാണ് മുളകൃഷിയിലൂടെ ജോണ്സൺ. ഏത് കാലവസ്ഥയിലും നന്നായി വളരുന്നവയാണ് ജോണ്സണ് കൃഷി ചെയ്ത മുളകൾ.
225 ഓളം ഇനങ്ങളിലുള്ള മുളകളാണ് കൃഷിയിടത്തിലുള്ളത്. കല്ലൻമുള, ഗഡ്വാ മുള, ലാത്തി മുള, ആസ്പർ, സിക്കിമെൻസിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ആനമുള, ബ്രാൻചിസി, ഹെർമിറ്റോണി, ബോഗർ, ഗാൻഡിസ്, മൈനർ ബാംബൂസാ ജനുസിൽ വാമിൻ, ബാംബൂസ്, വൾഗാരിസ്, തുൾഡ, അർനേമിക്ക, ബാൽക്കൂ, ബ്ലുമീന, ബിലത്തി മുള, ബാംബുസ ബാംബുസ്, ചുങ്കി, ബാംബുസ് കച്ചറെൻസിസ്, തോട്ടി മുള, സ്കിസോസ്റ്റാച്ചിയം ബ്രാച്ചിക്ലാഡം, ഓട്ടൽ, കരി ഈറ്റ, ബീമ മുള, ആരംഭു, ചൈനീസ് ബാംബു.... തുടങ്ങി ഇങ്ങനെ പോകുന്നു മുളയിലെ വകഭേദം.
ജോണ്‍സന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം തോടാണ്. അതിരുകളിൽ മുളകൾ നട്ട് പിടിപ്പിക്കാൻ തുടങ്ങിയതോടെ മണ്ണിടിച്ചിലും ഇല്ലാതായി. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്ക് ആളുകൾക്ക് താത്പര്യമുണ്ട്. അതിനാൽ മുള ഇനങ്ങൾ കൂടുതൽ ഇടങ്ങളിൽ നട്ടുപിടിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ജോണ്‍സന്റെ പച്ചപ്പണിഞ്ഞ മുളത്തോട്ടം കാണാനായി നിരവധി ആളുകളാണ് എത്താറുള്ളത്.
ജോണ്‍സന്റെ കൃഷിയിടത്തിലെ അപുർവങ്ങളായ മുളകളെ കുറിച്ച് പഠിക്കുന്നതിന് വിദേശങ്ങളിൽ നിന്നുൾപ്പടെയുള്ളവരും എത്താറുണ്ട്. പ്രകൃതിസംരക്ഷണത്തോടൊപ്പം മുളയിലൂടെ മികച്ച വരുമാനമുണ്ടാക്കാനും കഴിയുമെന്നാണ് ജോണ്സണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കൃഷി രീതികൾ പഠിക്കുന്നതിനും അപൂർവങ്ങളായ മുള തൈകൾ വാങ്ങുന്നതിനും എത്താറുണ്ട്.
District News
കൽപ്പറ്റ: സാമൂഹിക ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചുനൽകുന്ന സഹകരണ മേഖലയിലെ നിക്ഷേപ പിരിവുകാരടക്കം താഴെ തട്ടിലുള്ള ജീവനക്കാർ പ്രതിസന്ധിയിൽ. പെൻഷൻ വിതരണം നടത്തിയതിനുള്ള ഇൻസെന്റീവ് ഏഴു മാസമായി ഇവർക്ക് കിട്ടിയില്ല. 2025 ജൂണ്‍ മുതലുള്ള തുകയാണ് മുടങ്ങിയത്. ഇത് തുച്ഛ വരുമാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കുടുംബബജറ്റ് താളം തെറ്റുന്നതിന് കാരണമായി.
നേരത്തേ ഒരാൾക്ക് പെൻഷൻ വിതരണം ചെയ്യുന്നതിന് 40 രൂപയായിരുന്നു ഇൻസെന്റീവ്. 2023 ജനുവരിയിൽ 14 മാസത്തെ കുടിശിക നിലനിൽക്കേ ധനവകുപ്പ് മുൻകാല പ്രാബല്യത്തോടെ ഇത് 25 രൂപയായി വെട്ടിക്കുറച്ചു. ഈ തുക യാത്രച്ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്തിയാണ് പലരും പെൻഷൻ വീടുകളിൽ എത്തിക്കുന്നത് എന്നിരിക്കേയാണ് ഇൻസെന്റീവ് നിഷേധം.
2020ലും 2021ലും കോവിഡ് പ്രതിസന്ധിക്കിടയിൽ ദുർബല കുടുംബങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക സാന്പത്തിക സഹായം വീടുകളിൽ എത്തിച്ചതിനുള്ള ഇൻസെന്റീവും ഇതുവരെ അനുവദിച്ചിട്ടില്ല. നിക്ഷേപ-വായ്പ പിരിവുകാരെ സ്ഥിരപ്പെടുത്താൻ 2005ലും 2018ലും ഉത്തരവായെങ്കിലും മിനിമം വേതനം ഉറപ്പാക്കാനോ സ്ഥിരപ്പെടുത്താനോ നടപടിയുണ്ടായില്ല. കൃത്യമായ തസ്തികയും സ്കെയിലും നിർണിയിക്കാത്തത് അനുവദിക്കുന്ന ആനുകൂല്യങ്ങൾ പോലും കീഴ്ത്തട്ട് ജീവനക്കാർക്ക് നഷ്ടമാക്കുകയാണ്. ആരോഗ്യ സുരക്ഷാ പദ്ധതികളിൽനിന്നും പെൻഷൻ ആനുകൂല്യങ്ങളിൽനിന്നും ഈ വിഭാഗത്തെ മാറ്റിനിർത്തിയിരിക്കുകയാണ്.
ദീർഘകാല സേവനമുള്ള കരാർ-താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് സുപ്രീം കോടതി വിധികൾ അടുത്ത കാലത്ത് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇൻസെന്റീവ് കുടിശിക ഉടൻ അനുവദിക്കണമെന്നും ദീർഘകാലമായി ജോലി ചെയ്യുന്നവരെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്നും കോ ഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജെ. ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സുനിൽ കാരന്നൂർ, സരിജ ബാബു, ടി. സെയ്തുട്ടി, അനൂപ് വില്യാപ്പള്ളി, അലി ചേന്ദമംഗലൂർ, ഒ.പി. തിലകൻ, സുരേഷ് ബാബു മണ്ണയാട്, എം.കെ. അലവിക്കുട്ടി, രവി പുറവങ്കര, കെ.പി. രാജീവൻ, പി.പി. സാവിത്രി, ജയപ്രകാശ് കാവനൂർ, കെ.വി. വിശാഖ്, എം.കെ. രാഘവൻ, പി. രാധാകൃഷ്ണൻ, സലിം ചോണാട്, കെ. ജിനേഷ്, പോക്ക മുമുണ്ടോളി എന്നിവർ പ്രസംഗിച്ചു.
District News
പനമരം: ലിറ്റിൽ കൈറ്റ്സ് ദ്വിദിന ജില്ലാ ക്യാന്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതരെ നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധന സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ പ്രോജക്ടുകൾ തയാറാക്കുന്നതിൽ ക്യാന്പിൽ കുട്ടികൾക്ക് പരിശീലനം നൽകി.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ(കൈറ്റ്)സ്കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.
ത്രിമാന ആനിമേഷൻ നിർമാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സ്റ്ററിംഗ്, ലൈറ്റിംഗ്, കാമറ അറേഞ്ച്മെന്റ്, റിഗിംഗ്, സൗണ്ട് മിക്സിംഗ് തുടങ്ങിയവ സ്വതന്ത്ര സോഫ്റ്റ് ബ്ലെൻഡർ ഉപയോഗിച്ച് ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ പരിചയപ്പെട്ടു. ജില്ലാ ക്യാന്പിൽനിന്നു തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മേയിൽ സംസ്ഥാന ക്യാന്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
ജില്ലാ കോ ഓർഡിനേറ്റർ സി. ഹസീന, മാസ്റ്റർ ട്രെയിനർമാരായ ജിൻഷ തോമസ്, കെ.എസ്. റൗഫ്, എ.കെ. അർഷാദ് അലി, സോണി ഡി. ജോസഫ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
District News
സുൽത്താൻ ബത്തേരി: കോളിയാടിയിലെ നിർധന കുടുംബത്തിന് റോട്ടറി ക്ലബ് നിർമിച്ച വീടിന്റെ താക്കോൽദാനം നടത്തി. ഭർത്താവ് മരണപ്പെട്ട യുവതിക്കും രണ്ടു മക്കൾക്കുമായാണ് വീട് നിർമിച്ചത്.
സ്വന്തമായി കെട്ടുറപ്പുള്ള വീടില്ലാതെ യുവതിയും മക്കളും ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു റോട്ടറി ക്ലബിന്റെ ഇടപെടൽ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭവന നിർമാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ അബ്രൈസ് തോമസ്, ബേസിൽ, കേണൽ തന്പി എന്നിവർ ഭവനനിർമാണത്തിന് മേൽനോട്ടം വഹിച്ചു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ താക്കോൽദാനം നിർവഹിച്ചു. റോട്ടറി യൂണിറ്റ് പ്രസിഡന്റ് സി.വി. മത്തായി, കെ.പി. രവീന്ദ്രനാഥ്, ജസ്റ്റിൻ കെ. ജോൺ, സി.എം. ചന്ദ്രൻ, ഇ.വി. വിനയൻ, ആർ.വി. രഞ്ജിത്ത്, ഐ. നിസാർ എന്നിവർ പങ്കെടുത്തു.
District News
നടവയൽ: ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ആലപ്പുഴ കായംകുളം പുതിയവിള സിബിൻ ശശിധരനെ (34) കേണിച്ചിറ പോലീസ് പിടികൂടി. കേണിച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു.
കൂടാതെ പെണ്‍കുട്ടിയുടെ സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരേ ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ രാജീവ് കുമാർ, എഎസ്ഐ ദിലീപ് കുമാർ, സിപിഒമാരായ അജിത്, ജിഷ്ണു, ഷിഹാബ് എന്നിവരാണ് പ്രതിയെ ആലപ്പുഴ കായംകുളം പുതിയവിളയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
District News
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മഹാമാരികള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പദ്ധതി തയാറാക്കുന്നു. പരിചിതമായതും പുതുതായി കണ്ടെത്തുന്നതുമായ മഹാമാരികള്‍ നേരിടാന്‍ കൃത്യമായ ആസൂത്രണരേഖ തയാറാക്കി സാമൂഹിക പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തന രൂപരേഖയാണ് തയാറാക്കുന്നത്.
ജില്ലയിലെ ആരോഗ്യ സൗകര്യങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.രാജന് എന്‍. ഖോബ്രഗഡെയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
ജന്തുജന്യരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും സാമൂഹികതലത്തില്‍ നിരീക്ഷിക്കാന്‍ പ്രാപ്തമാക്കുന്ന രീതിയില്‍ സന്നദ്ധപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ആരോഗ്യ-വിദ്യാഭ്യാസ ശീലമാറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ശേഷി വികസനത്തിന് പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍ക്കെതിരേ ഏകാരോഗ്യ സമീപനം എന്നിവ ഊര്‍ജിതമാക്കും.
പഞ്ചായത്ത് മുതല്‍ ജില്ല വരെ തലങ്ങളില്‍ മഹാമാരി മുന്നൊരുക്ക കരട് പദ്ധതികള്‍ അവലോകനം ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ യോഗം നിര്‍ദേശിച്ചു. മഹാമാരി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും ഹെല്‍ത്തി കാമ്പയിനിന്റെയും പുരോഗതി വിലയിരുത്താന്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം, മുത്തങ്ങ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍, ബത്തേരി താലൂക്ക് ആശുപത്രി എന്നിവ അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചു. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ജനസൗഹൃദ പദ്ധതികള്‍, പുഞ്ചിരിമട്ടം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സീറോ ഡെത്ത് മണ്‍സൂണ്‍ കാമ്പയിന് എന്നിവയെ ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു.
മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.ഇ. ബിജോയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ചാന്ദ്നി, ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം പ്രോഗ്രാം ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
District News
സുല്‍ത്താന്‍ ബത്തേരി: എന്‍സിപി(അജിത്ത് പവാര്‍) വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഷിംജിത്ത് എന്‍. പീറ്ററും സഹപ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു. ഇവര്‍ക്ക് സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോയിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
സജി കാവനാക്കുടി അധ്യക്ഷത വഹിച്ചു. സജി വര്‍ഗീസ്, പി.ജി. സോമനാഥന്, തൂലിക ജോര്‍ജ്, അഷ്റഫ് പൊയില്‍, എ, ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
മാനന്തവാടി: കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സജീര്‍ (42)എരുമത്തെരുവില്‍ വീടിനുമുമ്പില്‍ കാറില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സജീറിന്റെ ഭാര്യ നജ്മുന്നിസയില്നിന്ന് ഇന്നലെ പോലീസ് മൊഴിയെടുത്തു. കഴിഞ്ഞ ദിവസമാണ് ഭാര്യയും മൂന്നു മക്കളും കാറില്‍ ഇരിക്കേ സജീര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
നജ്മുന്നിസയെയും കുട്ടികളെയും നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ നജ്മുന്നിസ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരോട് സജീറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പോലീസ് തേടിയത്. കുട്ടത്തും പോലീസ് അന്വേഷണം നടത്തി.
എരുമത്തെരുവില്‍ താമസിക്കുന്ന വ്യാപാരിയുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യക്കു കാരണമെന്ന് മരിക്കുംമുമ്പ് സജീര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. സ്ഥലത്ത് ഇല്ലാത്തതിനാല്‍ എരുമത്തെരുവിലെ വ്യാപാരിയെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
സമഗ്രാന്വേഷണം വേണമെന്ന് സിപിഎം
മാനന്തവാടി: എം.പി. സജീര്‍ എരുമത്തെരുവില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നിലെ സാമ്പത്തിക വഞ്ചന അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം.
മരിക്കുന്നതിന് തൊട്ടുമുമ്പ് സജീര്‍ നവമാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയില്‍ പറയുന്ന കാര്യങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
District News
കല്‍പ്പറ്റ: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗിന് സംഘാടക സമിതി രൂപീകരിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, സ്പോർട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.എ. ജിജി, ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. റഫീഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികളായി മന്ത്രി ഒ.ആര്. കേളു(ചെയര്മാന്), സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്(വര്‍ക്കിംഗ് ചെയര്മാന്), എംഎല്‍എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ജില്ലാ പോലീസ് മേധാവി അരുണ്‍ പവിത്രന്, മുനിസിപ്പല്‍ ചെയര്മാന് പി. വിശ്വനാഥന്, ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. റഫീഖ് (വൈസ് ചെയര്മാന്മാര്) എന്നിവരെ തെരഞ്ഞെടുത്തു.
രജിസ്ട്രേഷന്, സ്വീകരണം, പ്രോഗ്രാം, ഫിനാന്‍സ്, പബ്ലിസിറ്റി, മെഡിക്കല്‍, ടെക്നിക്കല്‍, ഗതാഗതം, താമസം, ഭക്ഷണം എന്നീ 10 സബ് കമ്മിറ്റികളും രൂപീകരിച്ചു. മത്സരത്തില്‍ വിവിധ ജില്ലകളില്‍നിന്നു 14 പുരുഷ, നാല് വനിതാ ടീമുകളിലായി 500 പോരാണ് പങ്കെടുക്കുന്നത്. ജില്ലാ സ്റ്റേഡിയത്തില്‍ ദിവസവും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍. സോക്കര്‍ ലീഗിന്റെ ഭാഗമായി ജനഗലസ(ജനങ്ങളുടെ ഉത്സവം)സംഘടിപ്പിക്കും.
District News
മാനന്തവാടി: ഗവ.മെഡിക്കല്‍ കോളജ് റോഡ് നവീകരണം ആരംഭിച്ചു. മുന്‍ ബജറ്റില്‍ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇന്റേണല്‍ റോഡ് പണിയാണ് ഇന്നലെ രാവിലെ ആരംഭിച്ചത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുമ്പിലെ ഇന്റര്‍ലോക്ക് മാറ്റിത്തുടങ്ങി.
നിലവിലെ ഇന്റര്‍ലോക്ക് പലയിടത്തും താഴ്ന്നതിനാല്‍ വാഹനങ്ങള്‍ അത്യാഹിത വിഭാഗത്തിന് മുമ്പില്‍ എത്തിക്കുന്നതിനും വീല്‍ ചെയറുകള്‍, ട്രോളികള്‍ എന്നിവ ഉപയോഗിക്കുന്നതിനും തടസമുണ്ടായിരുന്നു.
പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് പഴശി കുടീരം വരെയുള്ള റോഡും മെഡിക്കല്‍ കോളജിന്റെ ഇന്റേണല്‍ റോഡുകളുമാണ് നവീകരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കി മന്ത്രി ഒ.ആര്. കേളു ഇടപെടുകയും സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കുകയുമായിരുന്നു. റോഡിന്റെ വീതി പരമാവധി കൂട്ടി ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തും. പുതിയ നടപ്പാതകളും കൈവരികളും നിര്‍മിക്കും.
ആവശ്യമായ തെരുവുവിളക്കുകള്‍ സ്ഥാപിക്കും. മെഡിക്കല്‍ കോളജിന് മുന്‍വശത്ത് ഒ.ആര്. കേളു എംഎല്‍എയുടെ ആസ്തിവികസന നിധിയില്‍നിന്നു ലഭ്യമാക്കിയ 58.75 ലക്ഷം രൂപ മുടക്കി പാര്‍ക്കിംഗ് സൗകര്യം നേരത്തേ ഒരുക്കിയിരുന്നു.
District News
ജനകീയ കര്‍മ സമിതി ചുരത്തില്‍ പദയാത്ര നടത്തി
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പുഴിത്തോട് ചുരം ബദല്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് ടൈം ലൈന്‍ നിശ്ചയിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. ബദല്‍പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് ഭരണാധികാരികളുടെ സജീവ ഇടപെടല്‍ ആവശ്യപ്പെട്ട് പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയ കര്‍മ സമിതി താമരശേരി ചുരത്തില്‍ നടത്തിയ പദയാത്രയുടെ ഉദ്ഘാടനം ലക്കിടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. താമരശേരി ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗത തടസം വയനാട്-കോഴിക്കോട് റൂട്ടില്‍ യാത്രക്കാരെ ഗതികേടിലാക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ പാതകള്‍ അനിവാര്യതയാണ്. പരിഗണനയിലുള്ള ബദല്‍ പാതകളില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന് പ്രാമുഖ്യം നല്‍കണം.
ഈ പാതയുടെ നിര്‍മാണം 1994ല്‍ തുടങ്ങിയതാണ്. 70 ശതമാനം പ്രവൃത്തി നടത്തി. വനത്തിലൂടെ 8.25 കിലോമീറ്റര്‍ പാത നിര്‍മിക്കുന്നതിന് ഭൂമി വിട്ടുകിട്ടാത്തതാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുഖ്യ തടസം. ഇത് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്നവര് തയാറാകണം. പൂഴിത്തോട് ബദല്‍ പാതയുടെ അന്തിമ ഡിപിആര്‍ വേഗത്തില്‍ തയാറാക്കി പാരിസ്ഥിതിക അനുമതിക്ക് സമര്‍പ്പിക്കണം. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് നിര്‍മാണത്തിന് അധികാരികള്‍ പ്രാധാന്യം നല്‍കണമെന്നും സിദ്ദിഖ് പറഞ്ഞു.
ജനകീയ കര്‍മസമിതി ചെയര്‍പേഴ്സണ്‍ ശകുന്തള ഷണ്മുഖന് അധ്യക്ഷത വഹിച്ചു. താമരശേരി ചുരം ബദല്‍ പാതയായി 30 വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പടിഞ്ഞാറത്ത-പൂഴിത്തോട് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികള്‍ പൂഴിത്തോട് റോഡ് നിര്‍മാണത്തിലെ തടസങ്ങള്‍ നീക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. റോഡ് പ്രവൃത്തിക്ക് വനഭൂമി വിട്ടുകിട്ടുന്നതിന് 2016നു ശേഷം സംസ്ഥാനത്തുനിന്ന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലേക്ക് ഒരു കത്തുപോലും പോയില്ല. റോഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തേണ്ട വനഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം പഞ്ചായത്തുകള്‍ വനംവകുപ്പിന് കൈമാറിയതാണ്.
ജനകീയ കര്‍മസമിതി ദീര്‍ഘകാലമായി നടത്തിവരുന്ന സമരമാണ് പാതയുടെ ഇന്‍വസ്റ്റിഗേഷന്‍ സാധ്യമാക്കിയത്. ഇന്‍വസ്റ്റിഗേഷന്‍ നടത്തി മാസങ്ങള്‍ക്കുശേഷമാണ് പ്രാഥമിക ഡിപിആര്‍ തയാറാക്കിയത്. ഇതിനു മുകളില്‍ അധികാരികള്‍ അടയിരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായ സമരത്തിന് കര്‍മസമിതി നേതൃത്വം നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, റാഫ് ജില്ലാ സെക്രട്ടറി സജി, കര്‍മസമിതി കോഓര്‍ഡിനേറ്റര്‍ കമല്‍ ജോസഫ്, സെക്രട്ടറി വി.കെ. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
150 ഓളം പേര് പങ്കെടുത്ത പദയാത്ര ഇന്നലെ രാവിലെ 11.50 ഓടെയാണ് ആരംഭിച്ചത്. പദ്മശ്രീ ചെറുവയല്‍ രാമന് ഫ്ളാഗ് ഓഫ് ചെയ്തു. ചിപ്പിലിത്തോടില്‍ ഭക്ഷണത്തിനും വിശ്രമത്തിനുംശേഷമാണ് പദയാത്രാംഗങ്ങള് സമാപനസ്ഥലമായ അടിവാരത്ത് എത്തിയത്. ചുരം ബദല്‍പാത യാഥാര്‍ഥ്യമാക്കണമെന്നും ഡിപിആര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അടിവാരത്ത് കോഴിക്കോട് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടന്നു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജനകീയ കര്‍മ സമിതി കണ്‍വീനര്‍ മാത്യു പേഴത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒ.കെ. ജോണ്സണ് പ്രസംഗിച്ചു. പദയാത്ര അടിവാരത്ത് എത്തിയ മുറയ്ക്കാണ് സത്യഗ്രഹം അവസാനിപ്പിച്ചത്. തുടര്‍ന്ന് പൊതുസമ്മേളനം നടന്നു.
District News
മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു. താഴെയങ്ങാടിയില്‍ മൂന്നേക്കറില്‍ രണ്ട് കോടി രൂപ ചെലവില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് യാര്‍ഡ് നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ലദൂര യാത്രയ്ക്ക് ഡിപ്പോയിലെത്തുന്നവര്ക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമാകും.
നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്ഥലം മഴ പെയ്താല്‍ ചെളിക്കുളമാകും. ബസുകള്‍ നിരന്തരം ചെളിയില്‍ കുടുങ്ങുന്നത് കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ഡിപ്പോയില്‍ എത്തിച്ചേരുന്നതിനും പ്രയാസം സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് ഡിപ്പോയുടെ മുന്‍ഭാഗം വെള്ളം കയറി ചെളിക്കുളമായപ്പോള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചിരുന്നു.
ഡ്രൈനേജ് സൗകര്യത്തോടെയാണ് യാര്‍ഡ് നിര്‍മാണം നടത്തുക. 84 ഹ്രസ്വദൂര സര്‍വീസുകളും 24 ദീര്‍ഘദൂര സര്‍വീസുകളുമുള്ള ഡിപ്പോയില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പത് വരെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തിയിടാന്‍ ഡിപ്പോയില്‍ സൗകര്യമില്ല.
അതിനാല്‍ ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാനന്തവാടി നഗരത്തില്‍ റോഡരികിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള സര്‍വീസുകളും ഡിപ്പോയില്‍നിന്നാണ് ആരംഭിക്കുന്നത്. യാര്‍ഡ് നിര്‍മിക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
District News
കല്‍പ്പറ്റ: നിയസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതിന് പ്രാഥമിക ചര്‍ച്ചയില്‍ ബാലുശേരി, മാനന്തവാടി സീറ്റുകള്‍ ചോദിച്ചെങ്കിലും യുഡിഎഫ് നേതൃത്വം നിഷേധിച്ചതില്‍ അസോസിയേറ്റ് പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയില്‍(ജെആര്‍പി) പ്രതിഷേധം. സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ജെആര്‍പി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വയനാട് ജില്ലാ സെക്രട്ടറി കൃഷ്ണന് തവിഞ്ഞാല്‍, വൈസ് പ്രസിഡന്റ് എ. ചന്തുണ്ണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബീന നടവയല്‍, കെ.എ. അരുണ്‍, കെ.ബി. രാമചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി.കെ. ജാനു ഉള്‍പ്പെടെ പാര്‍ട്ടി സംസ്ഥാന നേതാക്കളുടെ അനുവാദത്തോടെയാണ് വാര്‍ത്താസമ്മേളനമെന്ന് അവര്‍ വ്യക്തമാക്കി. ജെആര്‍പിക്ക് യുഡിഎഫ് സീറ്റ് അനുവദിക്കാത്തപക്ഷം മാനന്തവാടിയില്‍ പാര്‍ട്ടി സംസ്ഥാന നേതാവ് സി.കെ. ജാനു ജനവിധി തേടും. ബത്തേരിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും.
പട്ടികവര്‍ഗത്തിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ബെട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങളെ ഇടത്, വലത് മുന്നണികള്‍ അവഗണിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പട്ടികവര്‍ഗത്തിലെ കുറുമ, കുറിച്യ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് പരിഗണന ലഭിക്കുന്നത്. മറ്റ് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജില്ലയിലെ സംവരണ മണ്ഡലങ്ങളില്‍നിന്ന് നിയമസഭയിലെത്തുന്നവര്‍ പട്ടികവര്‍ഗ ജനതയുടെ പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടല്‍ നടത്തുന്നില്ല. പ്രാക്തന ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടതടക്കം നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഭൂ-ഭവന രഹിതരായി തുടരുകയാണ്. ആദിവാസികള്‍ക്ക് പതിച്ചുനല്കാന് സുപ്രീം കോടതി ഉത്തരവായ ഭൂമിയുടെ വിതരണം പോലും നടത്തുന്നില്ലെന്നും ജെആര്‍പി നേതാക്കള്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
District News
കല്‍പ്പറ്റ: ആസ്പിരേഷണല്‍ ജില്ലാ ആന്‍ഡ് ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി "സമ്പൂര്‍ണത അഭിയാന് 2.0' രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ബത്തേരിയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗത്തിലായിരുന്നു അവലോകനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാമൂഹിക വികസനം ലക്ഷ്യമാക്കി ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷര്‍ ഇടപെടണമെന്ന് അവര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, യാഥാക്രമം ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്, ടി.എസ്. ദിലീപ്കുമാര്, നീതി ആയോഗ് ഡെവലപ്മെന്റ് ഓഫീസര്‍ ഡോ. ആരോഗ്യ രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. പ്രസാദന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
2019 മുതല്‍ 2025 വരെ ജില്ലയിലെ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്ക് നീതി ആയോഗ് 20.5 കോടി രൂപയാണ് ചലഞ്ച് ഫണ്ടായി അനുവദിച്ചത്. ജില്ലയ്ക്ക് ലഭിച്ച തുക വിനിയോഗിച്ച് കല്‍പ്പറ്റ, പനമരം, ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ 41 ഓളം വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയില്‍ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മാണം പൂര്‍ത്തിയായി.
നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ വിപുലീകരിക്കുന്നതിന് നാല് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചു. അഞ്ച് സെക്ടറുകളിലായി 49 സൂചകങ്ങളിലാണ് വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത്.
District News
കല്‍പ്പറ്റ: ഹരിത കേരളം മിഷന് പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന "നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ' കാമ്പയിനിന്റെ ഭാഗമായി അപ്പപ്പാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനെ കാര്‍ബണ്‍ നെഗറ്റീവ് സ്ഥാപനമായി പ്രഖ്യാപിച്ചു.
സ്ഥാപന പരിധിയിലെ മരങ്ങളുടെ എണ്ണം, ഉയരം, വീതി, പ്രായം എന്നിവ ആപ്പ് മുഖേന കണക്കാക്കിയും ജല ഉപഭോഗം, ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ്, ദ്രവ മാലിന്യത്തിന്റെ അളവ് എന്നിവ വിശകലനം ചെയ്തുമാണ് പ്രഖ്യാപനം നടത്തിയത്. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രെസ് ഓക്സൈഡ് എന്നിവയുടെ പുറന്തള്ളല്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന് നടപ്പാക്കുന്ന കാമ്പയിനാണ് "നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ'. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് തുല്യതാവസ്ഥയിലെത്തിച്ച് 2050 ഓടെ സംസ്ഥാനത്തെ നെറ്റ് സീറോ കാര്‍ബണ്‍ നിലയിലെത്തിക്കുകയാണ് കാമ്പയിന് ലക്ഷ്യം.
മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലകൃഷ്ണന് പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് കൈമാറി. വാര്‍ഡ് അംഗം എം.ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫ്, ഹരിത കേരളം മിഷന് ഇന്റേണ്‍ സാന്ദ്ര തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കല്‍പ്പറ്റ: കുപ്രചാരണങ്ങളെ ഫലപ്രദമായി നേരിടാനായാല്‍ ഇടതുമുന്നണി തുടര്‍ന്നും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
എല്‍ഡിഎഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കല്‍പ്പറ്റയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും വാക്കും നിലപാടും പ്രതികരണവുമാണ് ദുഷ്പ്രചാരണങ്ങളെ നേരിടുന്നതിന് ആവശ്യം. മഞ്ചേശ്വരം കുമ്പളയില്‍ ജാഥ ആരംഭിച്ചതുമുതല്‍ ഇതുവരെ സ്വീകരണ കേന്ദ്രങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട ജനപങ്കാളിത്തമാണ് കാണാനായത്. ഇത് ജാഥാംഗങ്ങളുടെ മികവുകൊണ്ടല്ല.
കേരള രാഷ്ട്രീയത്തില്‍ ഇടതുപക്ഷ മുന്നണിക്കെതിരേ അതിശക്തമായ നുണ പ്രചാരണം നടക്കുകയാണ്. പ്രതിപക്ഷവും ബൂര്‍ഷ്വാ മാധ്യമങ്ങളും സ്വീകരിച്ച ഇടതുപക്ഷ വിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാന്‍ ഞങ്ങളുണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തത്തിലൂടെ പ്രകടമാകുന്നത്. വര്‍ഗീയതയെ തുരത്താന്‍ വിശ്വാസി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്.
മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയെ അകറ്റിനിര്‍ത്തണം. നമുക്കിടയില്‍ ഭൂരിപക്ഷവും വിശ്വാസികളാണ്. അവരില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമുണ്ട്. അവര്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. രാഷ്ട്രീയാധികാരം പിടിക്കാനുള്ള കുറുക്കുവഴിയായി മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍.
മാനവികതയെ ഉയര്‍ത്തിപ്പിടിച്ച കേരളം മതനിരപേക്ഷ ഉള്ളടക്കം അംഗീകരിച്ചതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളം ഒഴികെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ നടന്നു. സംസ്ഥാനത്ത് കലാപങ്ങള്‍ നടക്കാതിരുന്നത് ഇവിടെ വര്‍ഗീയ ശക്തികള്‍ ഇല്ലാത്തതുകൊണ്ടല്ല. അവരെ തലപൊക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്ക്കുന്ന വലിയ ജനസഞ്ചയം കേരളത്തിലുണ്ട്.
മതനിരപേക്ഷ ഉള്ളടക്കം ചേര്‍ത്തുപിടിക്കുന്ന മനുഷ്യനാണ് കേരളത്തിന്റെ സ്വത്ത്. ആ സ്വത്തിനുനേരേയും കടന്നാക്രമണം ആരംഭിച്ചിച്ചിട്ടുണ്ട്. തെളിനീരില്‍ വിഷം കലര്‍ത്തുകയാണ് സംഘപരിവാര്‍ ശക്തികള്‍. വികസനത്തിന് ഇടതുപക്ഷ, വലതുപക്ഷ രൂപങ്ങളുണ്ട്. രാജ്യത്തിന്റെ സമ്പത്തില്‍ വലിയഭാഗം 10 ശതമാനം ആളുകളുടെ കൈവശമാകുന്നതിന് ഉതകുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതേനിലപാടിലൂടെയാണ് ബിജെപിയും മുന്നോട്ടുപോകുന്നത്. ടാറ്റയെയും ബിര്‍ലയെയും മുതലാളിമാരാക്കാന് കോണ്‍ഗ്രസ് പ്രയത്നിച്ചു.
ഇപ്പോള്‍ അദാനിയെയും അംബാനിയെയും വലിയ മുതലാളിമാരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിന്റെ പക്കല്‍ രാജ്യസമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണുള്ളത്. ലോകത്ത് സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയാണെന്നും 30 കോടിയിലധികം പേര് പട്ടിണിയിലാണെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ ക്രിസ്മസ് ഭാഷണത്തിനിടെ വേദനയോടെ പറഞ്ഞത് ശ്രദ്ധേയമാണ്.
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നതാണ് മുതലാളിത്ത പ്രതിസന്ധി. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഒഴികെ ലോകം മുഴുവന്‍ മുതലാളിത്ത പ്രതിസന്ധിയിലാണ്. ഇതിന് ഉദാഹരണമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന് നടപടികള്‍. തീവ്ര വലതുപക്ഷ ശക്തികള്‍ മുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായാണ് തങ്ങള്‍ക്ക് ആരെയും പിടിച്ചുകൊണ്ടുപോകാനുള്ള അധികാരമുണ്ടെന്ന് ചിന്തിക്കുന്നത്.
വെനസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും നാളുകള്‍ മുമ്പ് പിടിച്ചുകൊണ്ടുപോയി. ക്യൂബയെയും ഗ്രീന്‍ലാന്‍ഡിനെയും മെക്സിക്കോയെയും പിടിക്കുമെന്ന് പറയുന്നുമുണ്ട്. നരേന്ദ്ര മോദിയെ പിടിക്കാന്‍ വരില്ല എന്നതില്‍ ഉറപ്പൊന്നുമില്ല. ലോകത്തെ മുതലാളിത്ത സമൂഹത്തില്‍ അതിദാരിദ്ര്യം അവസാനിപ്പിക്കാന്‍ കേരളത്തിനു സാധിച്ചു. ഇത് ചെറിയ കാര്യമല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറയുന്നത് അദ്ദേഹം ഇടതുപക്ഷമാണെന്നാണ്. എന്താണ് ഇടതുപക്ഷമെന്ന് മനസിലാക്കാതെ തോന്ന്യാസമാണ് അദ്ദേഹം വിളമ്പുന്നത്. സതീശനെപോലെ നുണപറയുന്നയാള് കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. കരുണാകരൻ പോലും ഇങ്ങനെ നുണ പറഞ്ഞിട്ടില്ല.
സംസ്ഥാനത്തിന്റെ പൂര്‍വകാലത്ത് ജനജീവിതം ദുര്‍ഘടം പിടിച്ചതായിരുന്നു. മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ കഴിയുമായിരുന്നില്ല. സ്വാമി വിവേകാനന്ദന് കേരളത്തില്‍ വന്നപ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. അപ്പോഴാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അടിമതുല്യരായി ജീവിച്ച മനുഷ്യരിലേക്ക് കടന്നുവന്നത് ശ്രീനാരായണഗുരവും ചട്ടമ്പിസ്വാമികളും വാഗ്ഭടാനന്ദനും അയ്യങ്കാളിയും മറ്റുമാണ്. ഇവര്‍ ഉഴുതുമറിച്ച മണ്ണിനെ പിന്‍പറ്റിയാണ് ദേശീയ, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിച്ചത്.
കേരളത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തവണത്തെ മാത്രമല്ല, കഴിഞ്ഞ 10 കേന്ദ്ര ബജറ്റും സംസ്ഥാനത്തിന് എതിരാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് കിട്ടേണ്ടിയിരുന്ന രണ്ടര ലക്ഷം കോടി രൂപ കേന്ദ്രം തന്നില്ല. കേന്ദ്രം കിണഞ്ഞു ശ്രമിക്കുമ്പോഴും കേരളത്തിന് ശ്വാസം മുട്ടിയില്ല. സ്വന്തം കാലില്‍നിന്ന് മറ്റു പല വഴികളും കണ്ട് ഫലപ്രദമായി സാമ്പത്തിക മാനേജ്മെന്റ് നടത്തിയാണ് കേരളം മുന്നോട്ടുപോകുന്നത്.
ബജറ്റിലൂടെ കേന്ദ്രം കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. ഈ അപമാനം സംസ്ഥാനം സഹിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു.
District News
കല്‍പ്പറ്റ: പുഞ്ചരിമട്ടം ദുരന്തബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളില്‍ തുല്യതയും നീതിയും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണുമായ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. പുനരധിവസിപ്പിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് എതിരേ മുണ്ടക്കൈ സ്വദേശി കെ.ടി. സഹീര്‍ നല്കിയ പരാതിയിലാണ് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥിന്റെ നിര്‍ദേശം. ഉരുള്‍ ദുരന്തത്തില്‍ കുടുംബത്തിലെ 11 പേരെ സഹീറിന് നഷ്ടമായിരുന്നു.
പുനരധിവാസ പദ്ധതിയില്‍നിന്നു അദ്ദേഹത്തെ ഒഴിവാക്കുന്നത് വൈരുധ്യമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നീക്കി 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കളക്ടര്‍ക്ക് കമ്മീഷന് നിര്‍ദേശം നല്കി. സഹീര്‍ ദുരന്തബാധിത പ്രദേശത്തെ "നോ ഗോ സോണ്‍ പരിധിക്ക്' പുറത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
ഇത്തരം ആളുകളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലില്ലെന്നും അതിനാലാണ് സഹീര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതെന്നും കളക്ടര്‍ നേരത്തേ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ ബോധിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് കമ്മീഷന് അംഗീകരിച്ചില്ല.
District News
കല്‍പ്പറ്റ: ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും മാര്‍ച്ച് 31ന് മുമ്പ് വിതരണം ചെയ്യണമെന്ന് എന്‍ജിഒ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. സുനില്‍.
അസോസിയേഷന് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവജീവനയാത്ര പ്രചാരണ വാഹന ജാഥയ്ക്ക് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് അവതരണത്തിനുശേഷം ലഡു വിതരണം നടത്തിയ ഭരണാനുകൂല സര്‍വീസ് സംഘടനകള്‍ മരണവീട്ടില്‍ പായസം കൊടുക്കുന്ന മാനസികാവസ്ഥയിലാണെന്നു സുനില്‍ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.
ജാഥാ മാനേജര്‍ വി.പി. ബോബിന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ബി. പ്രദീപ്കുമാര്‍, ജി.എസ്. ഉമാശങ്കര്‍, പി.എസ്. വിനോദ്കുമാര്‍, ബിനു കോറോത്ത്, സി. വിഷ്ണുദാസ്, കെ.പി. ജാഫര്‍, സി. അനില്‍ബാബു, മോബിഷ് പി. തോമസ്, ശുഭ സരോജ്, എം.ഒ. ഡെയ്സണ്‍, കെ.എ. മുജീബ്, ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു ട്രഷറര്‍ സി.ജി. ഷിബു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ആര്. രാംപ്രമോദ്, ലൈജു ചാക്കോ, പി.ടി. സന്തോഷ്, എന്‍.വി. അഗസ്റ്റിന്, ഇ.വി. ജയന്, അന്‍വര്‍ സാദത്ത്, എം. നസീമ, സിനീഷ് ജോസഫ്, ബെന്‍സി ജേക്കബ്, ടി. പരമേശ്വരന്, കെ.വി. ബിന്ദുലേഖ, അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
District News
വൈത്തിരി: മലബാര്‍ സ്പെഷല്‍ പോലീസ് 1998 ബാച്ചിന്റെ 28-ാമത് സമ്മേളനത്തിന്റെ ഭാഗമായി കിത്താര്‍ഡ്സ് ഗോത്രഭാഷാപ്രതിഭ പുരസ്കാരം നേടിയ ഗോത്ര സാഹിത്യകാരന് വാസുദേവന്‍ ചീക്കല്ലൂരിനെ ആദരിച്ചു.
ഒയിസ്ക ഫ്യുറുസാറ്റൊ റിസോര്‍ട്ടില്‍ "ചുരം' എന്ന് പേരില്‍ നടത്തിയ ചടങ്ങ് പോലീസ് ഇന്‍സ്പെക്ടര്‍ ആര്.എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ ചീക്കല്ലൂരിനുള്ള മെമന്റോ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. അധ്യാപകനും മുന്‍ പോലീസ് ഓഫീസറുമായ സുനില്‍ എം. ആന്റണി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന് ഷാജി പുല്‍പ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷം വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമന്റോ വിതരണം ചെയ്തു. 150 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കമ്പളക്കാട് എസ്ഐ ദാമോദരന്‍ ചീക്കല്ലൂര്‍ കല്‍പ്പറ്റ ട്രാഫിക് എസ്ഐ കെ. സിദ്ദിക്ക് എന്നിവർ സംസാരിച്ചു. ഗാനമേള നടന്നു.
District News
അമരക്കുനി സെന്റ് ജൂഡ്സ് ദേവാലയ തിരുനാള്‍
പുല്‍പ്പള്ളി: അമരക്കുനി സെന്റ് ജൂഡ്സ് ദേവാലയത്തില്‍ പത്ത് ദിവസം നീണ്ട് നില്ക്കുന്ന വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് ഫാ. ബിജു ഉറുമ്പില്‍ കൊടിയേറ്റി. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. ഇന്ന് മുതല്‍ 13 വരെ വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, തിരുശേഷിപ്പ് വണക്കം, എന്നിവ നടക്കും.
എട്ടിന് രാവിലെ 10ന് വിശുദ്ധ കുര്‍ബാന, 14ന് രാവിലെ 8.30ന് അമ്പ് എഴുന്നള്ളിപ്പ്, വൈകുന്നേരം നാലിന് ജപമാല, അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം. 15ന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന, ഒമ്പതിന് ജപമാല. 9.30ന് ആഘോഷമായ റാസ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, നേര്‍ച്ചവിരുന്ന്, കൊടിയിറക്കല്‍.
ഓര്‍മപ്പെരുന്നാളും കുരിശടി കൂദാശയും
മാനന്തവാടി: കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മപ്പെരുന്നാളും കാവനക്കുന്നിലെ നവീകരിച്ച കുരിശടിയുടെ കൂദാശയും ഇന്നു നടത്തും.
വൈകുന്നേരം 5.30ന് കുരിശുപള്ളി കൂദാശ. രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ആര്. കേളു മുഖ്യപ്രഭാഷണം നടത്തും.
എട്ടിന് കുരിശടിയില്‍നിന്ന് ആറാട്ടുതറയില്‍ ബസേലിയോസ് യല്‍ദോ ബാവയുടെ നാമത്തിലുള്ള കുരിശടിയിലേക്ക് പ്രദക്ഷിണം. ഒമ്പതിന് ശ്ലൈഹിക വാഴ്വ്, ആദ്യഫല ലേലം, ആകാശ വിസ്മയം,സ്നേഹ വിരുന്ന്. നാളെ രാവിലെ വിശുദ്ധ കുര്‍ബാന, സ്നേഹ വിരുന്ന്,കൊടിയിറക്കം. വികാരി ഫാ. മോന്‍സി മണ്ണിത്തോട്ടത്തില്‍, ട്രസ്റ്റി എ.കെ. ബാബു, സെക്രട്ടറി പി.കെ. ജോണ്സണ്, ഇ.വൈ. ജില്‍സണ്‍, സിജോ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
District News
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ ബീനാച്ചിക്ക് സമീപം കാറും ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ് (59), ഓട്ടോ യാത്രക്കാരായ നമ്പ്യാര്‍കുന്ന് സ്വദേശി അബൂബക്കര്‍ (57), മണിച്ചിറ സ്വദേശി സാജിദ് (24), സ്കൂട്ടര്‍ യാത്രക്കാരനായ അമല്‍ ഫാരിദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കേറ്റ ഖാലിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് കൊളഗപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലും അതിന് പിന്നിലായി എത്തിയിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
District News
തരുവണ: തരുവണയില്‍ നിന്ന് പാലിയാണ - കക്കടവ് - കുപ്പാടിത്തറ-വെണ്ണിയോട്-കോട്ടത്തറ-മണിയങ്കോട് വഴി കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് സര്‍വീസ് പുനഃരാരംഭിക്കണമെന്ന് കക്കടവ് ഗ്രാമ ജ്യോതി ഫാം ക്ലബ്, പാലിയാണ പൗരസമിതി യോഗം ആവശ്യപ്പെട്ടു. രണ്ടാഴ്ചയില്‍ അധികമായി റോഡ് അറ്റകുറ്റപ്പണിയുടെ പേരില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസി അടക്കം നാല് ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തിയിരുന്നു. വെണ്ണിയോട് ഹോമിയോ ഡിസ്പെന്‍സറിക്ക് സമീപം കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിനോട് ചേര്‍ന്ന ഭാഗം ഇടിഞ്ഞു താഴ്ന്നിരുന്നു. ഇതേത്തുടര്‍ന്ന് പിഡബ്ല്യുഡി ഹൈവേ വിഭാഗം റോഡിന്റെ ആറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത് വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കാലതാമസം നേരിടുന്നതിനാല്‍ ഗ്രാമവാസികളുടെ യാത്ര ദുരിതവും രൂക്ഷമാവുകയാണ്. ബസിന് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ അധികൃതര്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ തയാറായാല്‍ സര്‍വീസ് ആരംഭിക്കാമെന്ന് ബസ് ഉടമകള്‍ പറയുന്നു.
എത്രയും വേഗം യാത്ര പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം ഉയരുന്നത്. പി.എം. ഉലഹന്നാന്, ഗോവിന്ദന് പാലയാണ, പി.വി. ജോസ്, പ്രശാന്ത് കളത്തില്‍, പി.എം. സിനോജ്, കെ.എസ്. സുജേഷ് ബാബു, സി.സി. ശ്രീജിത്ത്, ടി.എം. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന് (കേര) പദ്ധതിയുടെ ഭാഗമായി ജില്ലാതല പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികള്‍, ഡിജിറ്റല്‍ കൃഷി രീതികള്‍, മാനേജ്മന്റ് രീതികള്‍ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി ശില്‍പ്പശാല സംഘടിപ്പിച്ചത്. കാര്‍ബണ്‍ ക്രെഡിറ്റ് വിപണിയില്‍ പങ്കാളിത്തം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ആധുനിക കാലാവസ്ഥാസൗഹൃദ കൃഷി രീതികളില്‍ കര്‍ഷകരെ ശക്തീകരിക്കുന്നതോടൊപ്പം മാനേജ്മന്റ് മികവ്, ഡിജിറ്റല്‍ കൃഷിരീതികള്‍ എന്നിവയില്‍ മികവ് മെച്ചപ്പെടുത്തി കാര്‍ഷിക മേഖലയുടെ സുസ്ഥിരത ഉറപ്പു വരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.
ജില്ലാതല ശില്‍പ്പശാലയുടെ അടിസ്ഥാനത്തില്‍ എല്ലാ പഞ്ചായത്തുകളിലും കര്‍ഷകരുടെ പരിശീലനാവശ്യങ്ങള്‍ വിലയിരുത്തുന്ന സര്‍വേ ആരംഭിക്കും. ഗ്രാമീണ കാര്‍ഷിക മൊത്ത വിപണന കേന്ദ്രം ഹാളില്‍ നടത്തിയ ശില്‍പ്പശാല കേന്ദ്രം സെക്രട്ടറിയും കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ പി. ഇന്ദു ഉദ്ഘാടനം ചെയ്തു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. രാവുണ്ണിയുടെ അധ്യക്ഷ വഹിച്ചു. കേര നോര്‍ത്ത് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീന പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ആര്. ചിത്ര, കേര നോര്‍ത്ത് റീജണല്‍ പ്രോജക്ട് മാനേജര്‍ കെ.കെ. ആദര്‍ശ്, കെ.ജി. ഗിരീഷ് കുമാര്‍, ആര്. വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി. വിനോയ് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്‍പ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതനം ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തോടെ പുതുക്കണമെന്ന് കേരള പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി അംഗവും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി വിജ്ഞാപന കാലാവധി 2025 ഡിസംബര്‍ 31ന് അവസാനിച്ചതാണ്. ഇതേത്തുടര്‍ന്ന് വേതനം പുതുക്കല്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി ചെയര്‍മാനും സംസ്ഥാന സര്‍ക്കാരിനും പ്ലാന്റേഷന് ഫെഡറേഷന് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തോട്ടം മേഖലകളില്‍ ദുരിതജീവിതം നയിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുനേരേ കണ്ണടയ്ക്കുന്നത് അവസാനിപ്പിക്കണം.
കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്പെഷല്‍ അലവന്‍സ് 10 രൂപയായി വര്‍ധിപ്പിക്കണം. വിളവെടുക്കുന്ന കാപ്പി 60 കിലോഗ്രാമിനു മുകളില്‍ ഓരോ കിലോഗ്രാമിനും രണ്ട് രൂപ കൂടുതല്‍ നല്‍കണം. സര്‍വീസ് വെയിറ്റേജ് കാലാനുസൃതമാക്കണം. മാസ ശമ്പളക്കാര്‍ക്ക് സീനിയോരിറ്റി അനുസരിച്ച് ഇന്‍ക്രിമെന്റ് നല്‍കണം. തേയില, കാപ്പി, റബര്‍ ഉള്‍പ്പെടെ തോട്ടങ്ങളില്‍ ജോലിചെയ്യുന്നവരുടെയും ആശ്രിതരുടെയും ചികിത്സച്ചെലവ് പൂര്‍ണമായി നല്‍കുന്നതിന് നടപടി ഉണ്ടാകണം.
തൊഴിലാളികളുടെ മരണാനന്തര ചെലവിന് 10,000 രൂപ അനുവദിക്കണം. തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കണം. തോട്ടം തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കണം. വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് മാനേജ്മെന്റ് സ്ഥലം വിട്ടുനല്കുന്നതന് നടപടി സ്വീകരിക്കണമെന്നും ആലി ആവശ്യപ്പെട്ടു.
District News
പുല്‍പ്പള്ളി: ചെതലത്ത് റേഞ്ചിലെ മഠാപറമ്പ് - കോളറാട്ടുകുന്ന് റോഡിലെ പാതയോരത്ത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ട്രീ ഹോള്‍ വനംവകുപ്പ് മുള്ള് കമ്പുകൊണ്ട് അടച്ചത് പ്രതിഷേധത്തിന് കാരണമായി. വര്‍ഷങ്ങളായി ഇതുവഴിയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ട്രീ ഹോള്‍ വനംവകുപ്പ് കുപ്പിച്ചില്ലും മുളയുടെ മുള്ളുകൊണ്ടും മറച്ചത് അപ്രതീക്ഷിതമായാണ്.
വനത്തിലേക്ക് സഞ്ചാരികള്‍ ട്രീ ഹോള്‍ കാണാന്‍ കൂട്ടമായി എത്തിയതാണ് അടയ്ക്കാന്‍ കാരണമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വന്യമൃഗശല്യം ഏറെ രൂക്ഷമായ മേഖലയായതിനാല്‍ പുറമേനിയിലെത്തുന്ന സഞ്ചാരികള്‍ വാഹനങ്ങളിലും മറ്റുമെത്തി ഫോട്ടോയെടുക്കുന്നതിനുംമറ്റും വാഹനത്തിന് പുറത്തിറങ്ങുന്നത് അപകടത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് വനംവകുപ്പ് ട്രീ ഹോള്‍ അടച്ചത്.
ട്രീ ഹോളിനെ പറ്റി കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി സഞ്ചാരികള്‍ മഠാപറമ്പ് മേഖലയില്‍ എത്തിയിരുന്നു. ട്രീ ഹോള്‍ അടച്ചത് വനംവകുപ്പിന്റെ അനാവശ്യ പിടിവാശിമൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.